വിഷുദിനത്തിൽ രാമന്തളിക്കാർ ഉപവസിക്കും

 പയ്യന്നൂർ :  ഏഴിമല നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന സമരത്തിനു പിന്തുണയുമായി കലക്ടറുടെ വസതിയിലേക്കു മാലിന്യം കലർന്ന കുടിവെള്ളവുമായി രാമന്തളി സമര ഐക്യദാർഢ്യ സമിതി മാർച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. എൻഡോസൾഫാൻ ദുരിതബാധിത മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.  ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി.ശശി, കെ.സി.ഉമേഷ് ബാബു, കെ.സുനിൽകുമാർ, കെ.പി.രാജേന്ദ്രൻ, വിനോദ്കുമാർ രാമന്തളി, കെ.കെ.ഫിറോസ്, കസ്തൂരിദേവൻ, പി.ബാലൻ, എം.കെ.ജയരാജ്, സി.വിശാലാക്ഷൻ, എൻ.ലക്ഷ്മണൻ, പി.പി.അബൂബക്കർ, കെ.വി.മനോഹരൻ, എൻ.കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. രാമന്തളി ഗേറ്റിനു മുൻപിൽ നടക്കുന്ന നിരാഹാരം 23 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നു സമിതി കുറ്റപ്പെടുത്തി. നാളെ വിഷു ആഘോഷങ്ങൾ ഉപേക്ഷിച്ച് രാമന്തളിക്കാർ ഒന്നടങ്കം പന്തലിൽ ഉപവസിക്കും.

Leave a Reply

Top