ഹക്കീം വധം: നേരറിഞ്ഞു CBI ; 4 പേർ അറസ്റ്റിൽ

പയ്യന്നൂർ∙ വിവാദമായ അബ്ദുൽഹക്കീം വധക്കേസിൽ നാല് പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശികളും കൊറ്റി ജുമാമസ്ജിദ് കമ്മിറ്റി മുൻ ഭാരവാഹികളുമായ കെ.അബ്ദുൽസലാം (72), കെ.പി.അബ്ദുൽനാസർ (54), എ.ഇസ്മായിൽ (48) , എ.പി മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ടൗണിലെ ടോപ് ഫോം ഹോട്ടൽ ഉടമയായ കെ.പി.അബ്ദുൽ നാസർ പള്ളി കെട്ടിട നിർമാണ കമ്മിറ്റി ചെയർമാനായിരുന്നു. അബ്ദുൽ സലാം പള്ളി കമ്മിറ്റി മുൻ പ്രസിഡന്റും ഇസ്മായിൽ മുൻ സെക്രട്ടറിയുമാണ്. ഇവരെ എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്തു. 2014 ഫെബ്രുവരി 10നു പുലർച്ചെയാണ് കൊറ്റി ജുമാമസ്ജിദിനോടു ചേർന്നുള്ള മദ്രസയുടെ പിറകിൽ അബ്ദുൽഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഹക്കീം വധം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഒന്നര വർഷം മുൻപ് സിബിഐ ഏറ്റെടുത്തത്.

പള്ളി കമ്മിറ്റിയുടെ കെട്ടിട നിർമാണം, കുറി തുടങ്ങിയവ സംബന്ധിച്ച സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും സിബിഐ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പ്രതികളുടെ മേൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. വിവിധ രാഷ്ട്രീയകക്ഷികളും സാമൂഹികസംഘടനകളും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മാസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു. സി.ബി.ഐ DySP കെ.ജെ.ഡാർവിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം

Leave a Reply

Top