രാമന്തളി മാലിന്യപ്രശ്നം മുഖ്യമന്ത്രി യോഗം വിളിക്കണം: ഉമ്മൻ ചാണ്ടി

പയ്യന്നൂർ : രാമന്തളി മലിന ജല പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചുചേർക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു ജനആരോഗ്യ സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ മലിനജലം കുടിച്ചു ജീവിക്കണമെന്നു പറയാനാവില്ല. നാവിക അക്കാദമി സ്ഥാപിക്കുന്നതിന് ഏറ്റവും കൂടുതൽ സഹകരിച്ചവരാണ് രാമന്തളിയിലെ ജനങ്ങൾ. 2004ൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ നിങ്ങൾ എനിക്ക് നൽകിയ നിവേദനം അക്കാദമിക്കു കൊടുത്ത വസ്തുവിനു കൃത്യമായ പ്രതിഫലം കിട്ടിയില്ലെന്നായിരുന്നു. നഷ്ടപരിഹാരം നൽകുന്നതിനു പയ്യന്നൂരിൽ പ്രത്യേക ലാൻഡ് അക്വിസിഷൻ ഓഫിസ് തുടങ്ങി പ്രശ്നം പരിഹരിച്ചു. രണ്ടാമതു മുഖ്യമന്ത്രിയായപ്പോൾ വീണ്ടും നാവിക അക്കാദമി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമത്തിലുണ്ടായ അസ്വസ്ഥതയാണ് അറിയിച്ചത്. കിട്ടിയ സ്ഥലം ഉപയോഗിക്കണമെന്നും അക്കാദമിയുടെ വളർച്ചയ്ക്ക് എതിരല്ലെന്നും ഏറ്റെടുത്ത സ്ഥലം ഉള്ളപ്പോൾ പുതിയ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശം ശരിയല്ലെന്ന് അക്കാദമിയെ അറിയിച്ച് അവരെ അതിൽ നിന്നു പിന്തിരിപ്പിച്ചിരുന്നു. നാടിന്റെ ശുദ്ധജലം മലിനമാക്കുന്ന ഈ വിപത്ത് അന്നു നിങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നില്ല. എങ്കിലും തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. കേന്ദ്ര പ്രതിരോധ മന്ത്രിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

കെ.പി.സി.നാരായണ പൊതുവാൾ അധ്യക്ഷത വഹിച്ചു. ആർ.കുഞ്ഞിക്കൃഷ്ണൻ, കെ.പി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ: ഡി.കെ. ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Top