Payyanur Local News

Affiliated To Payyanur Press Forum. Mobile: 9447482290

37 page(s)
ശ്രീരാധിന് വീണ്ടും ക്വിസ് കിരീടം



അബുദാബി: റാസൽ ഖൈമയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (BITS) സംഘടിപ്പിച്ച ബിറ്റ് ഫെസ്റ്റ് 2013 എന്ന ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ശ്രീരാധ് രാധാകൃഷ്ണൻ നയിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. UAE യിലെ 21 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ അജ്മൽ, കുശാൽ എന്നിവരും വിജയികളായ ടീമിൽ ഉണ്ടായിരുന്നു . യു.എ.ഇ യിലെ പ്രമുഖ ബാങ്കായ എമിരേറ്റ്സ് - നാഷണൽ ബാങ്ക് ഓഫ് ദുബൈ (NBD) സ്കൂൾ വിദ്യാർഥികൾക്കായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംഘടിപ്പിച്ച ക്വിസ് ദുബായ് 2013 മത്സരത്തിലും ശ്രീരാധ് രാധാകൃഷ്ണൻ നയിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. പയ്യന്നൂര് സൗഹൃദ വേദിയുടെ ബാലവേദി പ്രസിഡന്റ്‌ ആണ് ശ്രീരാധ്
Posted By: news desk On: 5/18/2013 7:14:23 AM

സന്നദ്ധപ്രവര്‍ത്തകര്‍ കുളങ്ങള്‍ വൃത്തിയാക്കി

പയ്യന്നൂര്‍: ഗവ. താലൂക്ക് ആസ്​പത്രിക്കടുത്തുള്ള ആലക്കാട്ട് രാമന്‍കുളം, മൂരിക്കൊവ്വല്‍ റാങ്ദിവൂ സ്റ്റേഡിയത്തിന് തൊട്ടുള്ള പൊതുകുളം എന്നിവ ഒരുസംഘം യുവാക്കള്‍ ശുചീകരിച്ച് മാതൃകകാട്ടി. കുളിക്കാന്‍ ഉപയോഗിക്കുന്നതിനുപുറമെ നീണ്ട വര്‍ഷങ്ങളായി ഇവ നീന്തല്‍ പരിശീലനത്തിനും ഉപയോഗിച്ചുവരുന്നുണ്ട്.

കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് പ്രമോട്ടിങ് അക്കാദമി, പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സ് എന്നിവരും നിരവധി സമീപവാസികളും ആലക്കാട്ട് രാമന്‍കുളം നന്നാക്കാന്‍ എത്തിയിരുന്നു. കെ.വി.ജയറാം, കെ.വി.പ്രഭാകരന്‍, ആലക്കാട്ട് ബാലന്‍, കുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ടുനിന്ന ശ്രമദാനം. പൊതുപ്രവര്‍ത്തകരായ ഡോ. മോഹന്‍ കെ.രാമദാസ്, അഡ്വ. സി.നാരായണന്‍ നമ്പ്യാര്‍, സുരേഷ്‌കുട്ടമത്ത്, കെ.വി.രവീന്ദ്രന്‍, എ.മുകുന്ദന്‍, വി.വി.ശിവരാമന്‍, പി.സന്തോഷ് എന്നിവരും സംബന്ധിച്ചു. ഇവിടത്തെ സൗജന്യ നീന്തല്‍ പരിശീലനം മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു.

കാമ്പ്രത്ത് വീട്ടുകാരുടെതായിരുന്ന മൂരിക്കൊവ്വല്‍ കുളം ഇപ്പോള്‍ പൊതുകുളമായാണ് സംരക്ഷിക്കുന്നത്. രണ്ടുവര്‍ഷമായി റാങ്ദിവൂ ക്ലബ് ഇവിടെവെച്ചാണ് നീന്തല്‍ പരിശീലിപ്പിച്ചു വരുന്നത്. ക്ലബ് സെക്രട്ടറി ഡോ. ആനന്ദബാബു ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Posted By: news desk On: 5/16/2013 3:45:34 AM

കോണ്‍ഗ്രസ് സമ്മേളന വാര്‍ഷികം: ദീപശിഖ മാന്തോപ്പ് മൈതാനത്തുനിന്ന്

പയ്യന്നൂർ : 1928ൽ ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാര്‍ഷികത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ 23 മുതല്‍ 25 വരെ നടക്കുന്ന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ 23ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തുനിന്ന് പുറപ്പെടും. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ നയിക്കുന്ന ദീപശിഖാ പ്രയാണയാത്ര രാവിലെ 11ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്‍ ദീപശിഖ തെളിക്കും.

രണ്ടുമണിക്ക് കാഞ്ഞങ്ങാട്ടുനിന്ന് പ്രയാണം തുടങ്ങുന്ന യാത്ര വൈകിട്ട് അഞ്ചിന് പെരുമ്പയിലെത്തും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്‍ നയിക്കുന്ന പതാകജാഥയും കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന കൊടിമരജാഥയും പെരുമ്പയില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങും. 24ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂണ്‍ ഒന്നിന് പയ്യന്നൂരില്‍ കെ.പി.സി.സി.യുടെ നേതൃതല സമ്മേളനം നടക്കും.
Posted By: news desk On: 5/15/2013 4:26:48 PM

CPM പയ്യന്നൂർ ഏരിയ പ്രചാരണ ജാഥ

പയ്യന്നൂർ : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികലനയങ്ങള്‍ക്കെതിരെ 20 മുതല്‍ 25 വരെ നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധസമരത്തിന്റെ ഭാഗമായി സി പി എം നടത്തുന്ന പയ്യന്നൂര് ഏരിയ ജാഥ കുന്നരു തെക്കേ ഭാഗത്ത് നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. ഐ മധുസൂദനന് അദ്ദേഹം പതാക കൈമാറി. പി. വി പത്മനാഭൻ അധ്യക്ഷനായിരുന്നു . ഇ പി കരുണാകരൻ , പി. വി കുഞ്ഞപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു . ഇന്ന് രാവിലെ കുന്നരുവിൽ നിന്നും തുടങ്ങിയ ജാഥ വൈകുന്നേരം മഹാദേവ ഗ്രാമത്തിൽ സമാപിക്കും.
Posted By: news desk On: 5/14/2013 4:27:24 PM

VTV ക്ക് പ്രഥമ ഗാന്ധിഗ്രാം പുരസ്കാരം സമ്മാനിച്ചു



കോഴിക്കോട്: പ്രവാസ ലോകത്ത് ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിച്ചതിന് അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റും പയ്യന്നൂര് സൌഹൃദ വേദിയുടെ പ്രമുഖ പ്രവര്ത്തകനും പയ്യന്നൂർ ഡോട്ട് കോം കോഡിനേറ്ററുമായ വി ടി വി ദാമോദരന് പ്രഥമ ഗാന്ധിഗ്രാം പുരസ്കാരം സമ്മാനിച്ചു . കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി എ.പി. അനിൽ കുമാറാണ് പുരസ്കാരം സമ്മാനിച്ചത്‌ . ഗാന്ധിയന്‍ ആശയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് പ്രഥമ ഗാന്ധിഗ്രാം പുരസ്‌കാരങ്ങള്‍ നല്കിയത്

മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ദേശീയോദ്ഗ്രഥന ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. പി.എന്‍. ശ്രീധരന്‍ (സാഹിത്യം), അഡ്വ. സുജാത വര്‍മ (മദ്യനിരോധന മേഖല), പ്രഭാകരന്‍ നറുകര (ബാലസാഹിത്യം), ഷാജി എടപ്പാള്‍ (സോദ്ദേശ്യ സിനിമ), എം.കെ. കൃഷ്ണന്‍ മുണ്ടൂര്‍ (വൈജ്ഞാനിക സാഹിത്യം) എന്നിവര്ക്കും ചടങ്ങിൽ മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു

ഗാന്ധിഗ്രാം പബ്ലിക്കേഷന്‍സ് ചെയര്‍മാനും മുന്‍മന്ത്രിയുമായ വി.സി. കബീര്‍ അധ്യക്ഷത വഹിച്ചു. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മോഹന്‍ദാസ് മുതല്‍ മഹാത്മാവ് വരെ എന്ന പുസ്തകം സര്‍വോദയമേള വര്‍ക്കിങ് ചെയര്‍മാന്‍ സി. ഹരിദാസ് ഗാന്ധിപീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൃഷ്ണന്‍ മൂസ്സിന് നല്‍കി പ്രകാശനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, വി.കെ .ബാലകൃഷ്ണന്‍ നായര്‍, അഡ്വ. അബ്ബാസ് മഞ്ചേരി, സുരേന്ദ്രന്‍ വെട്ടത്തൂര്‍, അഡ്വ. സുജാതവര്‍മ, ഷാജി ഗാന്ധിഗ്രാം, എന്നിവര്‍ പ്രസംഗിച്ചു. ടി.കെ.എ. അസീസ് സ്വാഗതവും ലീലാമ്മ തോമസ് നന്ദിയും പറഞ്ഞു.

മലബാര്‍ ഗാന്ധി സാഹിത്യസംഗമം പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. കുഞ്ഞികൃഷ്ണന്‍ വടകര അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു, ഡോ .യൂസഫ് മുഹമ്മദ് നദ്‌വി എന്നിവര്‍ പ്രസംഗിച്ചു. പ്രമോദ് സമീര്‍ സ്വാഗതം പറഞ്ഞു.
Posted By: news desk On: 5/13/2013 2:37:03 PM

ടി പി ചന്ദ്രശേഖരൻ അനുസ്മരണം

പയ്യന്നൂര്‍ : പാര്‍ട്ടി സ്ഥാപിച്ച മനുഷ്യന്റെ ഉന്‍മൂലനം ലക്ഷ്യമിടുന്ന നേതാക്കളാണ് സിപിഎമ്മിലുള്ളതെന്ന് കെ.സി. ഉമേഷ് ബാബു പറഞ്ഞു . പയ്യന്നൂരില്‍ ടി.പി. ചന്ദ്രശേഖരന്‍ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 89 വയസ്സുള്ള വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ കേരളത്തില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഒറ്റക്കെട്ടാണ്.

2005 മുതല്‍ഈ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കേരള കമ്മിറ്റികളും ഇതാണ് ചര്‍ച്ച ചെയ്യുന്നത്. കേന്ദ്രത്തിലെ നേതാക്കള്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. അത് മറ്റൊന്നും കൊണ്ടല.്ല കേരളത്തിലെ പാര്‍ട്ടി ഇല്ലാതായാല്‍ അവര്‍ക്ക് ഡല്‍ഹിയിലെ ചെലവ് നടക്കില്ല. പൊളിറ്റ് ബ്യൂറോ കേരളത്തില്‍ വന്ന് വീണ്ടും ചര്‍ച്ച ചെയ്യുന്നുണ്ട്. വിഎസിനൊപ്പമുള്ളവരെയെല്ലാം ഇതിനകം വിവിധ കമ്മിറ്റികളില്‍ നിന്ന് സമ്മേളനത്തിന്റെ മറവില്‍ ഉന്‍മൂലനം ചെയ്തു കഴിഞ്ഞു.

കേന്ദ്രീകൃത ജനാധിപത്യത്തിന് പകരം പിണറായിയുടെ കേന്ദ്രീകൃത ഫാസിസമാണ് സിപിഎമ്മില്‍ നടക്കുന്നത്. ഇത്രയും അപമാനകരമായ കമ്യൂണിസ്റ്റ് പാര്‍ട്ടി മനുഷ്യ ചരിത്രത്തിലുണ്ടായിട്ടില്ല- അദ്ദേഹംപറഞ്ഞു. എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രകാശന്‍, വി.കെ. രവീന്ദ്രന്‍, പി.പി. മോഹനന്‍, അപ്പുക്കുട്ടന്‍ കാരയില്‍, പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Posted By: news desk On: 5/13/2013 3:13:07 AM

ക്വിസ് ദുബായ് 2013: ശ്രീരാധിന് ഒന്നാം സ്ഥാനം



അബുദാബി : യു.എ.ഇ യിലെ പ്രമുഖ ബാങ്കായ എമിരേറ്റ്സ് - നാഷണൽ ബാങ്ക് ഓഫ് ദുബൈ (NBD) സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് ദുബായ് 2013 മത്സരത്തിൽ ശ്രീരാധ് രാധാകൃഷ്ണൻ നയിച്ച അബുദാബി ഇന്ത്യൻ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. യുഎഇ യുടെ വിവിധ മേഖലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 6 ടീമുകൾ ഫൈനൽ യോഗ്യത നേടിയിരുന്നു. ശ്രീരാധിനോടൊപ്പം കുശാൽ, ബാലാജി എന്നിവരും ഇന്ത്യൻ സ്കൂൾ ടീമിൽ ഉണ്ടായിരുന്നു . സി കെ ജയദേവ് ആയിരുന്നു ക്വിസ് മാസ്റ്റർ. വിജയികൾക്ക്‌ പ്രശംസ പത്രങ്ങളോടൊപ്പം ആപ്പിൾ ഐ പാഡ് സമ്മാനമായി ലഭിച്ചു

ചെറുപ്പം മുതൽ തന്നെ നിരവധി പ്രമുഖ ക്വിസ് മത്സരങ്ങളിൽ വിജയി ആകാറുള്ള ശ്രീ രാധ് കഴിഞ്ഞ ആഴ്ച നടന്ന ഷാർജ അമേരിക്കൻ യുണിവേഴ്സിറ്റി പരിസ്ഥിതി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും TCS സംഘടിപ്പിച്ച IT ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു .

അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ഈ മിടുക്കൻ ഒരു നല്ല ക്രിക്കറ്റ്‌ കളിക്കാരൻ കൂടിയാണ്‌ . പയ്യന്നൂര് സൗഹൃദ വേദിയുടെ ബാലവേദി പ്രസിഡന്റ്‌ ആണ് ശ്രീരാധ്

ഫോട്ടോ: ക്വിസ് ദുബായ് ൽ വിജയികളായ അബുദാബി ഇന്ത്യൻ സ്കൂൾ ടീമും ( ശ്രീരാധ്, കുശാൽ, ബാലാജി) അധ്യാപകരും ക്വിസ് മാസ്റ്റർ സി. കെ ജയദേവ്, NBD വൈസ് പ്രസിഡന്റ്‌ പ്രതീക് വാഹി എന്നിവരോടൊപ്പം
Posted By: news desk On: 5/12/2013 2:31:40 PM

'റൊട്ടാലഖലീലിയാന'- കാനായി കാനത്തു നിന്നും പുതിയ പുഷ്‌പിതസസ്യം

കല്പറ്റ:കണ്ണൂരിലെ കാനായി കാനം/നാടുകാണി എന്നിവിടങ്ങളിലെ ചെങ്കല്‍ കുന്നുകളില്‍ നിന്ന് സസ്യശാസ്ത്രലോകത്തേക്ക് പുതിയ അതിഥി. ലൈത്രേസിയ സസ്യകുടുംബത്തിലെ റൊട്ടാല ജനുസില്‍പ്പെട്ട പുഷ്പിത സസ്യത്തിന് 'റൊട്ടാല ഖലീലിയാന' എന്നാണ് പേരിട്ടിരിക്കുന്നത്.

മലബാറിലെ ചതുപ്പു നിലങ്ങളുടെയും കണ്ടല്‍ക്കാടുകളുടെയും സംരക്ഷണം ഏറ്റെടുത്ത ഡോ. കെ.എം. ഖലീലിനോടുള്ള ആദരസൂചകമായാണ് ഈപേര്‍ നല്‍കിയത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ. ഖലീല്‍.

റൊട്ടാല ജനുസ്സില്‍പ്പെട്ട 45 ഇനം സസ്യങ്ങളെ ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഇരുപത്തഞ്ചും ഇന്ത്യയിലാണ്. പുതിയ സസ്യം ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമായി. സസ്യവര്‍ഗീകരണ വിദഗ്ധനായ കെ.എഫ്. വേള്‍ഡ് കാമ്പ് ഇതൊരു പുതുസസ്യമാണെന്ന് സ്ഥിരീകരിച്ചു.

പയ്യന്നൂര്‍ കോളേജ് ബോട്ടണി അസി. പ്രൊഫ. ഡോ. എം.കെ. രതീഷ് നാരായണന്‍, എറണാകുളം മാല്യങ്കര എസ്.എന്‍.എം. കോളേജിലെ പ്രൊഫ. സി.എന്‍. സുനില്‍, എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ ഗവേഷകരായ എം.കെ. നന്ദകുമാര്‍, ജയേഷ് പി. ജോസഫ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് അസി. പ്രൊഫസര്‍ വി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കുഞ്ഞന്‍ സസ്യത്തെ ശാസ്ത്രലോകത്തിന് മുന്നിലെത്തിച്ചത്. ഇതുസംബന്ധിച്ച് പഠനറിപ്പോര്‍ട്ട് 'ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ചി'ന്റെ ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചെങ്കല്‍ മേഖലയില്‍ വര്‍ഷകാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടില്‍ മാത്രം മുളച്ചുപൊന്തുകയും വെള്ളം വറ്റുമ്പോള്‍ പുഷ്പിച്ച് ക്രമേണ ഉണങ്ങുന്നതുമായ ചെടിയാണിത്.
Posted By: news desk On: 5/11/2013 8:06:44 AM

ലാസ്യയിൽ ഭരതനാട്യം BA,MA കോഴ്സുകൾ

പിലാത്തറ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബി.എ. ഭരതനാട്യം, ബി.എ. കര്‍ണാടക സംഗീതം, എം.എ. ഭരതനാട്യം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ബി.എ.ക്കും ഏതെങ്കിലും വിഷയത്തില്‍ ബി.എ. കഴിഞ്ഞവര്‍ക്ക് എം.എ.ക്കും അപേക്ഷിക്കാം. 12 വീതം സീറ്റുകളിലാണ് മൂന്ന് കോഴ്‌സുകളിലും പ്രവേശനം. അപേക്ഷാഫോറം വെബ്‌സൈറ്റില്‍നിന്നും ഓഫീസില്‍നിന്നും ലഭിക്കും. വെബ്‌സൈറ്റ് www.lasyafinearts.com ഫോണ്‍: 0497 2801723, 2800976.
Posted By: news desk On: 5/11/2013 6:20:41 AM

സത്യസന്ധതയ്ക്ക് മാതൃകയായി ഓട്ടോ ഡ്രൈവർ

പയ്യന്നൂര്‍: ഓട്ടോറിക്ഷയില്‍ യാത്രക്കാരി മറന്നുവച്ച പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങുന്ന ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചുനല്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാതൃകയായി. തായിനേരി കുറിഞ്ഞി ക്ഷേത്രത്തിന് സമീപത്തെ ടി.പി.സുരേഷാണ് സത്യസന്ധത കാണിച്ചത്. 3000 രൂപയും നാലുപവന്‍ സ്വര്‍ണാഭരണങ്ങളും ബാഗില്‍ ഉണ്ടായിരുന്നു.

മറന്നുവച്ച മൊബൈല്‍ ഫോണില്‍ കണ്ട നമ്പറില്‍ വിളിച്ച് സുരേഷ് ഉടമസ്ഥയെ കണ്ടെത്തുകയായിരുന്നു. ഉദിനൂരിലെ ഖമറുന്നിസയുടേതാണ് ബാഗ്. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയാണ് ബാഗ് കൈമാറിയത്.
Posted By: news desk On: 5/11/2013 6:18:43 AM

<News Archive(upto April 2004)>
 

www.payyanur.com