Ezhimala Naval Academy - ഏഴിമല നാവിക അക്കാദമി
  Special Feature
ഇന്ത്യയുടെ സൈനിക ഭൂപടത്തില്‍ സുപ്രധാന കേന്ദ്രമാവുകയാണ് ഏഴിമല. ഏഷ്യയിലെതന്നെ ഏറ്റവും വലിയ നാവിക അക്കാദമിയായി മാറാന്‍ പോവുന്ന ഏഴിമല ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ചരിത്രസ്മൃതികള്‍ ഉറങ്ങുന്ന എഴിമലയില്‍ ഇന്ത്യയും കേരളവും പുതിയ ചരിത്രം രചിക്കുന്നു.

Articles  

1. ഏഴിമല ഒരുങ്ങുന്നു - പി.പി. ശശീന്ദ്രന്‍

3. Ezhimala Photos - B.Sajithlal
2. ഏഴിമല ഒരുങ്ങുമ്പോഴുംണരാതെ...   ഇ.സദാനന്ദന്‍  

ഏഴിമല ഒരുങ്ങുമ്പോഴും ഉണരാതെ...

ഇ.സദാനന്ദന്‍

ഏഷ്യയിലെ ഏറ്റവുംവലിയ നാവിക അക്കാദമി ഏഴിമലയില്‍ ഒരുങ്ങുന്നു. പക്ഷേ, സമീപ നഗരമായ പയ്യന്നൂര്‍, പഴയങ്ങാടി ടൗണുകളും രാമന്തളി ഗ്രാമവുമൊക്കെ വികസനത്തിന്‍റെ കാര്യത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ്‌. അടിസ്ഥാനസൗകര്യങ്ങള്‍ ‍പോലും പൂര്‍ത്തിയാക്കാതെയാണ്‌ ഈ മയക്കം-ഒരു അന്വേഷണം.

വികസനത്തിന്‌ വഴിതുറന്ന്‌ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നുവരുമ്പോഴും പയ്യന്നൂരും പരിസര പ്രദേശങ്ങളും ആലസ്യത്തിലാണ്‌. വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം ഉയര്‍ന്നുവരേണ്ട അടിസ്ഥാനസൗകര്യ വികസനങ്ങളൊന്നും ടൗണിനെയും ഗ്രാമങ്ങളെയും ഇനിയും സ്‌പര്‍ശിച്ചിട്ടില്ല.

20 വര്‍ഷംമുമ്പ്‌ ഏഴിമല നാവിക അക്കാദമിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പറഞ്ഞുകേട്ട പ്രവര്‍ത്തനങ്ങള്‍ ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നു. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ്‌. കേന്ദ്രം, പരിയാരം മെഡിക്കല്‍ കോളേജ്‌, പരിയാരം ഗവ. ആയുര്‍വേദ കോളേജ്‌... ഇത്തരം സ്ഥാപനങ്ങള്‍ വികസനരംഗത്ത്‌ വന്‍നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുമ്പോള്‍ ഇവയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഉയരേണ്ട നാടും നഗരവും ഉറങ്ങുകയാണ്‌.

റോഡുകളുടെ അവസ്ഥതന്നെ പ്രധാന ഉദാഹരണം. ഏഷ്യയിലെ തന്നെ ഏറ്റവുംവലിയ നാവിക അക്കാദമിയിലേക്കുള്ള റോഡുകള്‍ എല്ലാം ദേശീയപാത നിലവാരത്തിലും സംസ്ഥാനപാത നിലവാരത്തിലും ഉയര്‍ത്തുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയിട്ടില്ല. അക്കാദമിയിലേക്ക്‌ ജില്ലാ ആസ്ഥാനത്തുനിന്ന്‌ നേരിട്ട്‌ പ്രവേശിക്കാവുന്ന പഴയങ്ങാടി-വെങ്ങര-മുട്ടം-ഏഴിമല റോഡ്‌ വീതികൂട്ടി ദേശീയപാത നിലവാരത്തിലേക്ക്‌ ഉയര്‍ത്താനുള്ള പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. ദേശീയ പാതയില്‍നിന്ന്‌ പയ്യന്നൂര്‍ പെരുമ്പ വഴി അക്കാദമിയിലേക്കുള്ള റോഡും പഴയപടിതന്നെ. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ അടിയന്തര അറ്റകുറ്റപ്പണികള്‍ മാത്രമാണ്‌ നടത്തുന്നത്‌. രാമന്തളി സെന്‍ട്രല്‍ റോഡ്‌ വീതികൂട്ടി നവീകരിച്ചെങ്കിലും ഓവുചാലുകള്‍പോലും ഉണ്ടാക്കിയിട്ടില്ല. കുന്നരു-പാലക്കോട്‌-എട്ടിക്കുളം റോഡ്‌, രാമന്തളി സെന്‍ട്രല്‍-കുന്നരു റോഡ്‌, എട്ടിക്കുളം ഹൈസ്‌കൂള്‍ റോഡ്‌ എന്നിവ ഇന്നും ഗ്രാമീണറോഡുകളുടെ നിലവാരത്തില്‍ തന്നെ. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുള്ള പണം മാത്രമാണ്‌ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്‌.

അക്കാദമിക്കൊപ്പം കൊറ്റി മേല്‍പ്പാലവും യാഥാര്‍ഥ്യമാകുമെന്ന സ്വപ്‌നം വിദൂരമാവുകയാണ്‌. പാലത്തിന്‍റെ പത്തുശതമാനം പണിപോലും പുരോഗമിച്ചിട്ടില്ല. അക്കാദമിയിലേക്കുള്ള പ്രധാന വഴിയിലെ ഗേറ്റില്‍ കുടുങ്ങി ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും നട്ടംതിരിയേണ്ടി വരും. പാലത്തിനായി ഭൂമി ഏറ്റെടുത്ത്‌ കൈമാറിയിട്ട്‌ രണ്ടുവര്‍ഷമായെങ്കിലും റോഡ്‌സ്‌ ആന്‍ഡ്‌ ബ്രിഡ്‌ജ സ്‌ കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നടപടി പോലും തുടങ്ങിയിട്ടില്ല. റെയില്‍വേയുടെ ഭാഗം മൂന്നുതവണ ടെന്‍ഡര്‍ചെയ്‌തിട്ടും ഒരാള്‍പോലും പ്രവൃത്തി ഏറ്റെടുക്കാന്‍ എത്തിയില്ല. റെയില്‍വേ നിര്‍മിക്കേണ്ട പാലത്തിന്റെ ഭാഗത്തിന്‌ 3.50 കോടിരൂപയും ആര്‍.ബി.സി. നിര്‍മിക്കേണ്ട ഭാഗത്തിന്‌ 26 കോടി രൂപയുമാണ്‌ നിര്‍മാണച്ചെലവ്‌ കണക്കാക്കുന്നത്‌. അക്കാദമി കമ്മീഷന്‍ചെയ്യുന്നതോടെ ഗേറ്റ്‌ വഴിയുള്ള വാഹന ഗതാഗതം ഇരട്ടിക്കും. ഇപ്പോള്‍തന്നെ തീവണ്ടി കടന്നുപോകാന്‍ ഗേറ്റ്‌ അടച്ചാല്‍ വാഹനക്കുരുക്കഴിയാന്‍ അരമണിക്കൂറില്‍ കൂടുതല്‍ എടുക്കുന്നുണ്ട്‌. അക്കാദമിയിലേക്ക്‌ നേരിട്ട്‌ പ്രവേശിക്കാവുന്ന പഴയങ്ങാടി-മുട്ടം റൂട്ടിലെ വെങ്ങര ഗേറ്റും ഗതാഗതത്തെ ബാധിക്കും.

നാവിക അക്കാദമിക്കുവേണ്ടി മാട്ടൂല്‍-മടക്കര, മുട്ടം-പാലക്കോട്‌ പാലങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും അക്കാദമിക്കായി രൂപവത്‌കരിച്ച ഹൈപവര്‍ കമ്മിറ്റി ശുപാര്‍ശചെയ്‌ത പുതിയപുഴക്കര പാലം യാഥാര്‍ഥ്യമായില്ല. പാലത്തിനായി മൂന്നുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ്‌ അംഗീകരിച്ച്‌ തറക്കല്ലിടല്‍ നടത്തിയെങ്കിലും ഇത്‌ ഫയലിലുറങ്ങുന്നു. അക്കാദമിയില്‍നിന്ന്‌ എളുപ്പത്തില്‍ ഏഴിമല റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയെന്ന പരിഗണനപോലും പാലത്തിന്‌ ലഭിച്ചിട്ടില്ല. പെരിങ്ങോം സി.ആര്‍.പി.എഫ്‌. സെന്ററിന്റെയും അക്കാദമിയുടെയും പരിഗണനവെച്ച്‌ ആധുനിക സൗകര്യത്തോടെ വികസിക്കേണ്ട റെയില്‍വേസ്റ്റേഷനില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല. ഒരുകോടിയോളം രൂപ മാസവരുമാനവും ദിനംപ്രതി രണ്ടായിരത്തിലേറെ യാത്രക്കാരും എത്തുന്ന സ്റ്റേഷനില്‍ വിവരങ്ങള്‍ അറിയാന്‍ സംവിധാനമില്ല. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ അനുവദിച്ചെങ്കിലും പ്രവര്‍ത്തന ക്ഷമമായിട്ടില്ല. അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുപോലും റിസര്‍വേഷന്‍ സൗകര്യങ്ങളും തീവണ്ടികളുടെ സമയവും അറിയാന്‍ സ്റ്റേഷനില്‍ചെന്ന്‌ കാര്യങ്ങള്‍ മനസ്സിലാക്കേണ്ട അവസ്ഥയാണ്‌. യാത്രക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍പോലും സൗകര്യമില്ല. രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോമിന്‌ മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊണ്ട്‌ കാത്തുനി'േണ്ട അവസ്ഥയാണ്‌. പാര്‍ക്കിങ്‌-കുടിവെള്ള സൗകര്യം ഇല്ലാത്തതും ശുചീകരണത്തിന്‌ ജീവനക്കാരില്ലാത്തതും സ്റ്റേഷന്റെ ശോചനീയാവസ്ഥയുടെ ഉദാഹരണം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാരുണ്ടെങ്കിലും എല്ലാ വണ്ടികള്‍ക്കും ഇവിടെ സ്റ്റോപ്പുമില്ല. രാജ്യരക്ഷയുടെ തന്ത്രപ്രധാനകേന്ദ്രമായിട്ടും വണ്ടികള്‍ക്കെല്ലാം സ്റ്റോപ്പ്‌ അനുവദിക്കാത്തത്‌ അധികൃതരുടെ അശ്രദ്ധയാണെന്ന്‌ പയ്യന്നൂര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ സി.ജനാര്‍ദ്ദനന്‍ പറഞ്ഞു. സ്റ്റേഷന്‍റെ വരുമാനവും യാത്രക്കാരുടെ എണ്ണവും കൂടിയതല്ലാതെ യാത്രക്കാര്‍ക്കോ, നാട്ടുകാര്‍ക്കോ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

അക്കാദമിക്കൊപ്പം വാഗ്‌ദാനംചെയ്‌ത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്ന്‌ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ജി.ഡി.നായരും പറയുന്നു. അക്കാദമിക്കൊപ്പം വികസിക്കേണ്ട പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്‌. കൊറ്റി മേല്‍പ്പാലത്തിനുള്ള ശ്രമവും ലക്ഷ്യത്തിലെത്തിയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അക്കാദമിയുടെ ഗുണം നാടിന്‌ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നഗരഭരണകൂടം തുടങ്ങിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുന്നു. 'സമാന്തര റോഡ്‌ നിര്‍മാണത്തിന്‌ തുടക്കംകുറിച്ചു. പുതിയ ബസ്‌സ്റ്റാന്‍ഡ്‌ നിര്‍മാണത്തിനുള്ള നടപടിയും ആരംഭിച്ചു'-അദ്ദേഹം പറഞ്ഞു.

വാഗമണ്ഡലം റോഡ്‌ യാഥാര്‍ഥ്യമാകുന്നതോടെ പയ്യന്നൂരിന്‍റെ വാണിജ്യ പ്രാധാന്യം പതിന്മടങ്ങ്‌ വര്‍ധിക്കുമെന്ന ധാരണയ്‌ക്കും മങ്ങലേറ്റിരിക്കുകയാണ്‌. പെരിങ്ങോം സി.ആര്‍.പി.എഫ്‌. കേന്ദ്രത്തിലേക്കും അക്കാദമിയിലേക്കും ബാംഗ്ലൂരില്‍നിന്ന്‌ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാതയാണിത്‌. ഈ റോഡിന്‍റെ ചെറുപുഴ മുതല്‍ പുളിങ്ങോം വരെയുള്ള ഭാഗത്തിന്‍റെ പണി മന്ദഗതിയിലാണ്‌. കേരളാതിര്‍ത്തിയായ മുണ്ടറോട്ട്‌കാവില്‍ ഒന്നരക്കോടി രൂപ ചെലവില്‍ പാലംനിര്‍മാണം അവസാനഘട്ടത്തിലാണ്‌. എന്നാല്‍ 18 കിലോമീറ്റര്‍ ദൂരത്തില്‍ കര്‍ണാടക വനാതിര്‍ത്തിയിലൂടെ നിര്‍മിക്കേണ്ട റോഡിനെക്കുറിച്ച്‌ ഇരുസര്‍ക്കാറുകളും രൂപരേഖപോലും തയ്യാറാക്കിയിട്ടില്ല. ഇത്‌ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പാലത്തിന്‍റെ പ്രയോജനം ലഭിക്കൂ.

ഗതാഗതക്കുരുക്കിന്‌ കുപ്രസിദ്ധിയാര്‍ന്ന പയ്യന്നൂരില്‍ ഗതാഗതപരിഷ്‌കാരം എങ്ങുമെത്തിയിട്ടില്ല. അന്തര്‍ സംസ്ഥാന പാതകള്‍ വന്നുചേരുന്ന നഗരമെന്ന നിലയില്‍ റോഡുകള്‍ വീതികൂട്ടി ബസ്‌സ്റ്റാന്‍ഡ്‌ വികസിപ്പിക്കേണ്ടതുണ്ട്‌. നഗരത്തിലെ കുരുക്ക്‌ ഒഴിവാക്കാന്‍ പെരുമ്പ മുതല്‍ റെയില്‍വേ സ്റ്റേഷന്‍വരെ സമാന്തരറോഡ്‌ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ബൈപ്പാസ്‌ റോഡ്‌ വീതികൂട്ടി നഗരത്തില്‍നിന്ന്‌ പുറത്തേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിലെ ഇടുങ്ങിയ റോഡില്‍ ഓട്ടോറിക്ഷകളും മറ്റ്‌ വാഹനങ്ങളും നിര്‍ത്തിയിടുന്നതുമൂലം ഉണ്ടാകുന്ന തിരക്ക്‌ ഒഴിവാക്കേണ്ടതുണ്ട്‌. ഫുട്‌പാത്ത്‌ കൈയേറിയുള്ള കച്ചവടവും പതിവുകാഴ്‌ചയാണിവിടെ. ആധുനിക സൗകര്യങ്ങളോടുകൂടിയ മൊഫ്യൂസല്‍ ബസ്‌സ്റ്റാന്‍ഡ്‌ സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. ദീര്‍ഘദൂര ബസ്സുകള്‍ക്ക്‌ നഗരസഭാ സ്റ്റാന്‍ഡില്‍ പ്രവേശനമില്ലാത്തതിനാല്‍ മറുനാട്ടില്‍ നിന്നെത്തുന്നവര്‍ സ്റ്റാന്‍ഡ്‌ അന്വേഷിച്ച്‌ അലയേണ്ട ഗതികേടിലാണ്‌. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഹോട്ടല്‍, ലോഡ്‌ജ്‌ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പരിമിതമാണ്‌. 350 ഓളം പേര്‍ക്ക്‌ താമസിക്കാനുള്ള സൗകര്യം മാത്രമെ പയ്യന്നൂര്‍ നഗരത്തിലുള്ളു. അക്കാദമിയുടെ അടുത്തെന്ന പരിഗണനവെച്ച്‌ പഴയങ്ങാടി ടൗണില്‍ വന്‍കിട സ്ഥാപനങ്ങളും ദേശസാത്‌കൃത ബാങ്കുകളുടെയും മറ്റും ശാഖകളും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യം ഇവിടെയും കുറവാണ്‌. മാടായി ഐ.ടി.ഐ, ബി.എഡ്‌, ടി.ടി.സി. കോളേജുകള്‍, ബി.ഫാം, ഡി.ഫാം കോളേജുകള്‍ എന്നിവ പ്രദേശത്ത്‌ അടുത്തിടെ ഉയര്‍ന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌. എങ്കിലും ടൗണില്‍ എത്തുന്നവര്‍ക്ക്‌ അക്കാദമിയോട്‌ ചേര്‍ന്നുള്ള പ്രധാന ടൗണെന്ന സൂചനപോലും നല്‍കാനുള്ള സംവിധാനം ഇവിടെ ഉണ്ടായിട്ടില്ലെന്ന്‌ വ്യാപാരി വ്യവസായി ടൗണ്‍ യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ വാടിക്കല്‍ പറഞ്ഞു.

അക്കാദമിയുടെ വളര്‍ച്ച രാമന്തളിയെ ഒരു തിരക്കുള്ള ഗ്രാമമാക്കി മാറ്റിയെങ്കിലും വ്യാപാര രംഗത്തും വികസന കാര്യത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3500 ഓളം തൊഴിലാളികള്‍ രാമന്തളി ടൗണിനെ തിരക്കേറിയതാക്കുന്നുണ്ടെങ്കിലും വ്യാപാരരംഗത്ത്‌ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല. അക്കാദമിയിലേക്കുള്ള കുടിവെള്ളപദ്ധതിയില്‍ നിന്ന്‌ വെള്ളം ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌ ഏറെ പ്രധാനപ്പെട്ടതെന്ന്‌ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്‍റ് മഹമ്മൂദ്‌ ഹാജി പറഞ്ഞു. അക്കാദമിക്കായി സ്ഥലം ഒഴിഞ്ഞുകൊടുത്തവരുടെ പ്രശ്‌നപരിഹാരത്തിന്‌ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമന്തളി ടൗണിനെ എല്ലാ സൗകര്യങ്ങളോടുംകൂടിയ ടൗണാക്കി മാറ്റുമെന്ന സ്ഥലമെടുപ്പ്‌ കാലത്തെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുകയാണെന്ന്‌ രാമന്തളി പൗരസമിതിയംഗം കെ.പി.സി.നാരായണപൊതുവാള്‍ പറഞ്ഞു. തൊഴില്‍ പരിഗണനയിലും തദ്ദേശീയര്‍ക്ക്‌ മുന്‍ഗണന ലഭിച്ചിട്ടില്ലെന്ന്‌ അദ്ദേഹം ആരോപിച്ചു.

കടലും പുഴയും മലയും ചേര്‍ന്ന്‌ ഒരുക്കുന്ന ഏഴിമലയുടെ കാഴ്‌ച നുകരാന്‍ സൗകര്യങ്ങള്‍ ഒന്നുമില്ല. അക്കാദമിയോട്‌ ചേര്‍ന്ന എട്ടിക്കുളം ബീച്ചിന്‌ അവഗണനയുടെ കഥയേ പറയാനുള്ളൂ. ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ബീച്ചിനെ ഉള്‍പ്പെടുത്താന്‍ നടപടി ഉണ്ടായിട്ടില്ല. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങളും കടലും ഏഴിമലയുടെ പ്രകൃതി സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നുവെന്നത്‌ അധികൃതര്‍ കാണുന്നേയില്ല. ലൈറ്റ്‌ ഹൗസ്‌ ഏഴിമലയിലെ മറ്റൊരു ആകര്‍ഷണകേന്ദ്രമാണ്‌. ലൈറ്റ്‌ഹൗസിന്‌ സമീപമുള്ള കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്തെങ്കിലും സംരക്ഷണനടപടികള്‍ തുടങ്ങിയിട്ടില്ല. നാവിക അക്കാദമി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തുന്നവരെക്കൂടി കണക്കിലെടുത്തുള്ള സമഗ്ര ടൂറിസം പദ്ധതി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു


മാതൃഭൂമി പയ്യന്നൂര്‍ ലേഖകനാണ് ഇ.സദാനന്ദന്‍


 
 

www.payyanur.com