Ezhimala Naval Academy - ഏഴിമല നാവിക അക്കാദമി
  Special Feature
ഇന്ത്യയുടെ സൈനിക ഭൂപടത്തില്‍ സുപ്രധാന കേന്ദ്രമാവുകയാണ് ഏഴിമല. ഏഷ്യയിലെതന്നെ ഏറ്റവും വലിയ നാവിക അക്കാദമിയായി മാറാന്‍ പോവുന്ന ഏഴിമല ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ചരിത്രസ്മൃതികള്‍ ഉറങ്ങുന്ന എഴിമലയില്‍ ഇന്ത്യയും കേരളവും പുതിയ ചരിത്രം രചിക്കുന്നു.

Articles  

1. ഏഴിമല ഒരുങ്ങുന്നു - പി.പി. ശശീന്ദ്രന്‍

3. Ezhimala Photos - B.Sajithlal
2. ഏഴിമല ഒരുങ്ങുമ്പോഴുംണരാതെ...   ഇ.സദാനന്ദന്‍ 4. Inauguration Photos

ഏഴിമല ഒരുങ്ങുന്നു; ചരിത്രഭൂമിയില്‍ പുതിയ ചരിത്രമെഴുതാന്‍
മാതൃഭുമിയുടെ കണ്ണൂര്‍ ബ്യുറോ ചീഫും കേരള പത്ര പ്രവര്‍ത്തക യുണിയന്‍ സംസ്ഥാന പ്രസിഡന്റും ആണ് ഈ ലേഖനം തയ്യാറാക്കിയ പി.പി. ശശീന്ദ്രന്‍

പയ്യന്നൂര്‍: വിശാലമായതീരം, തൊട്ടടുത്ത്‌ അഗാധഗര്‍ത്തമുള്ള നീലക്കടല്‍, മറുഭാഗത്ത്‌ കാവല്‍നില്‍ക്കുന്ന പോലെ മലനിരകള്‍, മലനിരകള്‍ക്ക്‌ പരിക്കേല്‍പ്പിക്കാതെ ചെരിവുകളില്‍ കെട്ടിടങ്ങള്‍, രണ്ടിനുമിടയില്‍ വിശാലമായഭൂമിയില്‍ പഠനത്തിനും പരിശീലനത്തിനുമായി അത്യാധുനിക സംവിധാനങ്ങള്‍ -ഇന്ത്യന്‍ നാവികസേനയുടെ തിലകക്കുറിയായി ഏഴിമല നാവികഅക്കാദമി ഒരുങ്ങുകയാണ്‌. രണ്ട്‌ പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പാണ്‌ ഏഴിമലയില്‍ അവസാനിക്കുന്നത്‌. ജനുവരി എട്ടാം തീയ്യതി ഏഴിമല നാവികഅക്കാദമി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ രാജ്യത്തിന്‌ സമര്‍പ്പിക്കും. കേരളത്തിന്‍റെ കൂടി അഭിമാനമായിമാറാന്‍ പോകുന്ന അക്കാദമിയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി സംസ്ഥാന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും സംബന്ധിക്കും. സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിനെത്തും.

ഇപ്പോള്‍ രാവുംപകലും ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌. പ്രധാന സംവിധാനങ്ങളൊക്കെ പൂര്‍ത്തിയായി. 2009 ജൂണില്‍ അക്കാദമിയിലേക്കുള്ള പ്രവേശനവും പരിശീലനവും ആരംഭിക്കും. ഇന്ത്യന്‍ നാവിക സേനയിലേക്കുള്ള എല്ലാ ഓഫീസര്‍മാരുടെയും പ്രവേശനം ഇനി ഏഴിമല നാവിക അക്കാദമിയിലൂടെയാവും. എല്ലാവരുടെയും പഠനം എന്‍ജിനിയറിങ്ങിലും. ഇതുവരെയുള്ള ബിരുദപഠനത്തിന്‌ പകരം ഇനി മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍് എന്നീ ശാഖകളിലെ ബി.ടെക്‌. ബിരുദം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലവഴി നല്‍കും. തുടക്കത്തില്‍ 500 കാഡറ്റുകള്‍ക്കാണ്‌ പ്രവേശനം. 2013ല്‍ ആദ്യബാച്ച്‌ ഇവിടെനിന്ന്‌ പുറത്തുവരും. അപ്പോഴേക്കും കാഡറ്റുകളുടെ എണ്ണം ആയിരമാവും. വിദേശരാജ്യങ്ങളില്‍നിന്നുള്ള കാഡറ്റുകളെയും അക്കാദമിയില്‍ പ്രവേശിപ്പിക്കും. അക്കാദമി കമാണ്ടന്റ്റ് ആയി വൈസ്‌ അഡ്‌മിറല്‍ എം.പി.മുരളീധരന്‍ ചുമതലയേറ്റു.

നിലവില്‍ 20 ആഴ്‌ച നീളുന്ന നാവല്‍ ഓറിയന്‍േറഷന്‍ കോഴ്‌സ്‌ ഏഴിമലയില്‍ നടന്നുവരുന്നുണ്ട്‌. നാലാഴ്‌ചത്തെ മെഡിക്കല്‍ ഓഫീസേഴ്‌സ്‌ കോഴ്‌സും ഉണ്ട്‌. നാവിക സേനയിലേക്ക്‌ കടന്നുവരുന്നവര്‍ക്കുള്ള അടിസ്ഥാന കാര്യങ്ങള്‍ നല്‍കുന്നതാണ്‌ നാവല്‍ ഓറിയന്‍േറഷന്‍ കോഴ്‌സ്‌. നാവികസേനയുടെ വിവിധ കമാന്‍ഡുകളില്‍ നിന്നെത്തുന്നവരാണ്‌ പരിശീലനം നേടുന്നത്‌. പ്രാഥമികമായി നീന്തലും അനുബന്ധപ്രവര്‍ത്തനങ്ങളുമാണ്‌ പ്രധാനം. ഇപ്പോള്‍ പരിശീലനംനടത്തുന്ന ഏഴാമത്തെ ബാച്ചിന്റെ പാസിങ്‌ ഔട്ട്‌ പരേഡ്‌ ഡിസംബര്‍ 20ന്‌ നടക്കും. അക്കാദമി പൂര്‍ണമായി സജ്ജമായാലും ഇത്തരം കോഴ്‌സുകളും ഇവിടെ തുടരും.

'ഐ.എന്‍.എസ്‌. സാമൂറിന്‍' (സാമൂതിരി) എന്ന പേരിലാണ്‌ നാവികഅക്കാദമിയിലെ പരിശീലനകേന്ദ്രം അറിയപ്പെടുന്നത്‌. മലബാറിന്‍റെ തീരപ്രദേശം ഒരുകാലത്ത്‌ കാത്തുപോന്ന സാമൂതിരി രാജവംശത്തിന്‍റെ കടല്‍രക്ഷാസേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതിനാണ്‌ ഏഴിമലയിലെ ബേസ്‌ ഡിപ്പോവിന്‌ സാമൂതിരിയുടെ പേര്‌ നല്‍കിയത്‌. 2005 ഏപ്രിലില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്‌ ഏഴിമലയിലെ പ്രഥമസംരംഭം കമ്മീഷന്‍ചെയ്‌തത്‌. ഐ.എന്‍.എസ്‌. സാമൂതിരിയുടെ കമാന്‍ഡിങ്‌ ഓഫീസര്‍ മലയാളിയായ കമഡോര്‍ സുരേഷ്‌ ലക്ഷ്‌മണാണ്‌. നാവികഅക്കാദമി പ്രവര്‍ത്തനസജ്ജമായാല്‍ ഇടക്കിടെ വിശേഷാവസരങ്ങളില്‍ പടക്കപ്പലുകള്‍ പുറംകടലില്‍ എത്തും. എങ്കിലും പരിശീലനംനേടുന്നവര്‍ കൊച്ചി നാവല്‍ബേസിലെ മൂന്ന്‌ കപ്പലുകളിലേക്കായിരിക്കും പോകുന്നത്‌.

സമുദ്രനിരപ്പില്‍നിന്ന്‌ 260 അടി ഉയരത്തിലാണ്‌ ഏഴിമല. സമുദ്രസഞ്ചാരികളുടെ വഴികാട്ടിയായിരുന്നു ഏഴിമലയും അവിടത്തെ പ്രശസ്‌തമായ ലൈറ്റ്‌ ഹൗസും. സംഘ ഭരണകാലത്ത്‌ മൂഷികരാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ഏഴിമല. നന്ദന്‍ എന്ന രാജാവ്‌ ആ രാജവംശത്തിന്‍റെ കീര്‍ത്തി വ്യാപിപ്പിച്ചു. പതിനാലാം നൂറ്റാണ്ടോടെ മൂഷികരാജ്യത്തിന്‌ കോലത്തുനാടെന്ന പേര്‌ ലഭിച്ചു. വിഖ്യാത ലോകസഞ്ചാരികള്‍ ഏഴിമലയെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാതനമായ ശവക്കല്ലറകള്‍, ഗുഹകള്‍, കരിങ്കല്‍ പാകിയ തറകള്‍, കല്‍ത്തൂണുകള്‍, പള്ളി, ക്ഷേത്രം, അപൂര്‍വമായ ഔഷധസസ്യങ്ങള്‍, ദീപസ്‌തംഭം എന്നിവയൊക്കെ ഏഴിമലയുടെ പഴയ രാജകീയ പ്രൗഢിയുടെ വിളംബരമാണ്‌.

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന, ഒരുകാലത്ത്‌ രാജകീയപരിവേഷം ഉണ്ടായിരുന്ന ഭൂമിയിലാണ്‌ ഇനി പുതിയചരിത്രം പിറക്കാന്‍പോകുന്നത്‌. ഏഷ്യയിലെ ഏറ്റവുംവലിയ നാവികസേനാ പരിശീലനകേന്ദ്രം ഇവിടെ ഉയരുമ്പോള്‍ പുതിയചരിത്രത്തിന്‌ പഴയ ചരിത്രഭൂമി വേദിയാവുന്നു.

ഇന്ദിരയുടെ സ്വപ്‌നപദ്ധതി

ഏഴിമലയിലെ നാവിക അക്കാദമി എന്ന സ്വപ്‌നത്തിന്‌ കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്‌ ഈ ആശയം കേന്ദ്രസര്‍ക്കാര്‍ സ്വപ്‌നപദ്ധതിയായി സ്വീകരിച്ചത്‌. പക്ഷെ പദ്ധതിക്ക്‌ തറക്കല്ലിട്ടത്‌ ഇന്ദിരാഗാന്ധിയുടെ മകന്‍, പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയായിരുന്നു. ഇന്ദിരയുടെയും രാജീവിന്റെയും കൈയൊപ്പുകള്‍ പതിഞ്ഞ ഈ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ അതിഥികളിലൊരാളായി സോണിയാഗാന്ധിയും ചടങ്ങിനെത്തുമെന്നാണ്‌ സൂചനകള്‍.

1980 ലാണ്‌ പദ്ധതി സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. സംസ്ഥാനവുമായുള്ള കരാര്‍ അനുസരിച്ച്‌ അക്കാദമിക്ക്‌ ആവശ്യമായ സ്ഥലംകേന്ദ്രത്തിന്‌ വിട്ടുകൊടുക്കണം. ഗതാഗതം, വെള്ളം, വെളിച്ചം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാവും. ഇന്ദിരാഗാന്ധിയുമായുള്ള വ്യക്തിബന്ധമാണ്‌ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍റെ സഹായത്തിനെത്തിയത്. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അക്കാദമിക്കുവേണ്ടി മത്സരിച്ചപ്പോള്‍ ഏഴിമലയുടെകിടപ്പും കരുണാകരന്‍റെ സമ്മര്‍ദ്ദവും കേരളത്തിന്‌ തുണയായി. 1982 ല്‍ ഏഴിമല അക്കാദമി സംബന്ധിച്ച പ്രഖ്യാപനം വന്നു. അതിന്‌ ശേഷമുണ്ടായ ഇന്ദിരയുടെ വധം പദ്ധതിയെക്കുറിച്ച്‌ ആശങ്ക ഉയര്‍ത്തി. എന്നാല്‍ രാജീവ്‌ഗാന്ധി പദ്ധതിയില്‍ താല്‌പര്യം കാണിച്ചതോടെ 1987 ജനവരി 17 ന്‌ അദ്ദേഹംതന്നെ തറക്കല്ലിട്ടു. ഇതിനിടയില്‍ സംസ്ഥാനസര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. 20 കോടി രൂപയോളം ചെലവിട്ട്‌ 2800 ഏക്കര്‍ സ്ഥലമാണ്‌ പദ്ധതിക്കായി ഏറ്റെടുത്തത്‌. ആയിരത്തിലേറെപ്പേരെ കുടിയൊഴിപ്പിച്ചു. തുടക്കത്തില്‍ 500 കോടി രൂപയായിരുന്നു അക്കാദമിക്ക്‌ ചെലവ്‌ കണക്കാക്കിയതെങ്കില്‍ ഇപ്പോള്‍ അത്‌ 800 കോടിക്കടുത്ത്‌ എത്തിനില്‍ക്കുന്നു. 1987 ല്‍ തറക്കല്ലിട്ടെങ്കിലും പിന്നീട്‌ അനിശ്ചിതത്വത്തിലായ പദ്ധതി വീണ്ടും ചലിക്കുന്നത്‌ പത്ത്‌ വര്‍ഷം കഴിഞ്ഞാണ്‌. 1998-99 ല്‍ കേന്ദ്ര സര്‍ക്കാര്‍ 374 ലക്ഷം രൂപ വകയിരുത്തി. 2000 ല്‍ പ്ലാന്‍ ഒരുങ്ങി. 2001 ഫിബ്രവരി 25 ന്‌ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്‌ഘാടനം ചെയ്‌തു. അതിന്‌ ശേഷമുള്ള ഏഴ്‌ വര്‍ഷങ്ങള്‍ ഏഴിമലയുടെ ചിത്രം മാറ്റിവരച്ചു.
കേന്ദ്രമന്ത്രിയായിരുന്ന ഒ.രാജഗോപാല്‍, ഇപ്പോഴത്തെ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, കാസര്‍കോട്‌ മുന്‍ എം.പി ടി.ഗോവിന്ദന്‍, ഇപ്പോഴത്തെ എം.പി.പി.കരുണാകരന്‍ തുടങ്ങിയവരുടെ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും പദ്ധതിയെ ചലനാത്മകമാക്കി. നായനാര്‍ സര്‍ക്കാരും തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാരും ഇപ്പോഴത്തെ വി.എസ്‌.ഗവണ്‍മെന്റും അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതില്‍ സമയബന്ധിതമായി പ്രവര്‍ത്തിച്ചു. ഉദ്‌ഘാടനം നിശ്ചയിച്ചതോടെ കഴിഞ്ഞമാസം സംസ്ഥാന ചീഫ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം റോഡ്‌ വികസനത്തിന്‌ മാത്രം 295 ലക്ഷം രൂപയുടെ പ്രത്യേക അനുമതി നല്‍കി. കാക്കടവില്‍ നിന്നുള്ള ജലവിതരണം ഇപ്പോള്‍ കാര്യക്ഷമമാണ്‌. പ്രത്യേക വൈദ്യുതി സബ്‌ സ്റ്റേഷനും ഒരുങ്ങി.

പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ 2000 പെരെങ്കിലുമുള്ള ഒരു ടൗണ്‍ഷിപ്പായി ഏഴിമല മാറും. ഇപ്പോള്‍തന്നെ രാമന്തള്ളിക്കും പയ്യന്നൂരിലേക്കും നിരവധി ബസ്സുകള്‍ അക്കാദമിയെ സ്‌പര്‍ശിച്ചുകൊണ്ട്‌ നീങ്ങുന്നു. നൂറുകണക്കിന്‌ നാട്ടുകാര്‍ നിര്‍മ്മാണ ജോലികളിലും മറ്റുമായി ഇവിടെയുണ്ട്‌; അതിലേറെ അന്യസംസ്ഥാന തൊഴിലാളികളും.

അഞ്ച്‌ വന്‍കിട കണ്‍സ്‌ട്രക്ഷന്‍ കമ്പനികളാണ്‌ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്‌. ഭൂമി ഏറ്റെടുക്കുമ്പോള്‍ പദ്ധതിപ്രദേശത്തുണ്ടായിരുന്ന ഒട്ടേറെ വീടുകള്‍ നാവികസേനയുടെ ഓഫീസുകളും ചിലര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സുകളും ആയി പരിണമിച്ചിട്ടുണ്ട്‌. ഏഴിമലയുടെ ഭൂമിയുടെ കിടപ്പിനെ ഏറെയൊന്നും മാറ്റാതെയാണ്‌ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്‌. മലഞ്ചെരിവുകളിലാണ്‌ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കുമുള്ള പാര്‍പ്പിടങ്ങള്‍ ഒരുങ്ങുന്നത്‌.

മാനംമുട്ടെ ഫ്‌ളാഗ്‌ മാസ്റ്റ്‌; വീടുകള്‍

ഏഴിമല നാവിക അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്‌ തൊട്ട്‌ പരേഡ്‌ഗ്രൗണ്ടില്‍ ഉയര്‍ന്നു നില്ക്കുന്ന കൊടിമരം (ഫ്‌ളാഗ്‌ മാസ്റ്റ്‌) ഒരു പ്രതീകമാണ്‌. ഇത്രയും ഉയരമുള്ള ഫ്‌ളാഗ്‌ മാസ്റ്റ്‌ ദക്ഷിണേഷ്യയില്‍ത്തന്നെ എവിടെയുമില്ല. ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനത്തിന്‍റെ പ്രതീകമാണ്‌ ഇപ്പോള്‍ ഈ കൊടിമരം. വിശേഷാവസരങ്ങളില്‍ കൊടിമരത്തിന്‍റെ മേല്‍ത്തട്ടുവരെ കാഡറ്റുകള്‍ കയറിനിന്ന്‌ അഭിവാദ്യം ചെയ്യുന്നത്‌ ഇനി ഏഴിമലയിലെ അത്ഭുത കാഴ്‌ചകളിലൊന്നാവും.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എന്ന വിശേഷണം അന്വര്‍ഥമാക്കുന്ന വിധമാണ്‌ ഇവിടെ സജ്ജീകരണങ്ങള്‍. കൃത്യമായ ആസൂത്രണം എവിടെയും കാണാം. ചണ്ഡിഗഡിലെ സത്‌നം നമിതാ ആന്‍ഡ്‌ അസോസിയേറ്റ്‌സ്‌ ഡയറക്ടര്‍ നമിതാ സിങ്ങാണ്‌ ആര്‍ക്കിടെക്ട്‌. അക്കാദമിയുടെ ആദ്യ കമാന്‍ഡിങ്‌ ഓഫീസര്‍ കമഡോര്‍ കെ.ശിവകുമാറിന്‍റെ ഉത്സാഹവും പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗംകൂട്ടി. ഏക്കറുകളിലായി വിന്യസിച്ചുകിടക്കുന്ന ഓരോ കെട്ടിട സമുച്ചയത്തെയും ബന്ധപ്പെടുത്തുന്ന മേല്‍ക്കൂരയോടുകൂടിയ നടപ്പാതകള്‍ മഴയത്തും കാര്യങ്ങള്‍ എളുപ്പമാക്കും. വിശാലമായ ഇന്‍ഡോര്‍ ഡ്രില്‍ കോര്‍ട്ടും, സ്റ്റേഡിയവും പരിശീലനത്തിന്‌ സഹായകമാകും.

മേല്‍ക്കൂരയുള്ള സ്വിമ്മിങ്‌ പൂളാണ്‌ മറ്റൊരാകര്‍ഷണം. ആറര അടിവരെ ആഴവും 50 മീറ്റര്‍ നീളവും എട്ട്‌ ട്രാക്കുകള്‍ക്കായി 21 അടി വീതിയുമാണ്‌ പൂളിന്‌. തൊട്ടടുത്ത്‌ 10 മീറ്റര്‍വരെ ഉയരത്തില്‍നിന്ന്‌ ചാടാവുന്ന ഡൈവിങ്‌ ബോര്‍ഡുള്ള നീന്തല്‍ക്കുളം വേറെയും. ഇതിന്‍റെ ആഴം 21 മീറ്ററാണ്‌. ഒന്നര വര്‍ഷം മുമ്പ്‌ പണി തീര്‍ത്ത 'അക്വാ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌' ഏഴിമലയുടെ ആകര്‍ഷണമാണ്‌. ഫുട്‌ബോള്‍ മുതല്‍ സ്‌ക്വാഷ്‌ വരെ കളിക്കാവുന്ന രീതിയില്‍ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായി.

അക്കാദമിയില്‍ ഒരു ആരോഗ്യകേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്‌. 'ഐ.എന്‍.എച്ച്‌.എസ്‌. നവജീവനി' എന്നറിയപ്പെടാന്‍ പോകുന്ന ആസ്‌പത്രി കെട്ടിടത്തിന്റെ പണി മുന്നേറുന്നുണ്ട്‌. ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള വലിയ സംവിധാനങ്ങളാണ്‌ 'നവജീവനി'യില്‍ ഒരുങ്ങുന്നത്‌.

അക്കാദമിയില്‍ പരിശീലനത്തിന്‌ എത്തുന്നവരെ നാല്‌ സ്‌ക്വാഡ്രനുകളായാണ്‌ വിന്യസിക്കുക. നാല്‌ 'ഹൗസു'കളിലായെന്നും പറയാം. ആംഗ്രെ, ഉപരേര, മുള്ള, മരക്കാര്‍ എന്നിങ്ങനെ സ്‌ക്വാഡ്രനുകള്‍ക്ക്‌ പേരിട്ടുകഴിഞ്ഞു. ഓരോ സ്‌ക്വാഡ്രനില്‍പ്പെട്ടവരുടെ താമസസ്ഥലവും നിറങ്ങള്‍കൊണ്ട്‌ വ്യത്യസ്‌തമാക്കും. ക്ലാസ്‌ മുറികള്‍, താമസം, ലൈബ്രറി, റിക്രിയേഷന്‍, ഐ.ടി. റൂം എന്നിങ്ങനെ എല്ലാംതികഞ്ഞവയാവും 'സ്‌ക്വാഡ്രന്‍ ഹൗസ്‌' എന്നറിയപ്പെടുന്ന കെട്ടിടങ്ങള്‍. ഇപ്പോള്‍ രണ്ട്‌ സ്‌ക്വാഡ്രനുകളാണ്‌ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഒരു സ്‌ക്വാഡ്രന്‍ ഹൗസില്‍ 150 പേര്‍ക്ക്‌ താമസിക്കാം. ഇത്തരം നാല്‌ കെട്ടിടങ്ങള്‍ ഒരുങ്ങി. രണ്ടെണ്ണംകൂടി താമസിയാതെ ഉയരും. ആദ്യ ഘട്ടത്തില്‍ 600 കാഡറ്റുകളും 200 ഓഫീസര്‍മാരും അക്കാദമിയില്‍ ഉണ്ടാവുമെന്നാണ്‌ കണക്കാക്കുന്നത്‌.

വിശാലമായ അക്കാദമി പ്രദേശത്തേക്ക്‌ കടക്കാന്‍ അഞ്ച്‌ ഗേറ്റുകള്‍ പല ഭാഗത്തായി ഉയര്‍ന്നുകഴിഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയില്‍നിന്നുള്ള ഡി.എസ്‌.സി.യുടെ ഒരു സംഘം സൈനികര്‍ ഈ ഗേറ്റുകളുടെ കാവല്‍ ഏറ്റെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഇപ്പോള്‍ത്തന്നെ പ്രദേശത്ത്‌ സുരക്ഷിതത്വം കര്‍ശനമാക്കിയിട്ടുണ്ട്‌. മുംബൈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവ കുറേക്കൂടി നിയന്ത്രണ വിധേയമാക്കും. ഗേറ്റുകളിലും തന്ത്രപ്രധാന മേഖലകളിലുമുള്ള മേല്‍നോട്ടം ഈമാസം 16 ഓടെ ഡി.എസ്‌.സി. ഏറ്റെടുക്കും.

ഓഫീസര്‍മാരുടെയും സൈനികരുടെയും താമസം മലഞ്ചെരിവുകളില്‍ പണിത ക്വാര്‍ട്ടേഴ്‌സുകളിലാണ്‌. ഒരു കെട്ടിടത്തില്‍ നാല്‌ കുടുംബങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ്‌ കെട്ടിട നിര്‍മാണം. സൈന്യത്തിലെ ഉദ്യോഗസ്ഥ വിന്യാസം പോലെ ഇവിടെയും ചില പ്രത്യേകതകളുണ്ട്‌. മലയുടെ ഏറ്റവും മുകളിലാണ്‌ കമാന്‍ഡന്റിന്റെ ബംഗ്ലാവ്‌. തൊട്ടു താഴെ ഉപമേധാവികള്‍ക്കും. അതിനും താഴെയാണ്‌ മറ്റു പാര്‍പ്പിടങ്ങള്‍. കമാന്‍ഡന്റിന്റെ താമസസ്ഥലത്തുനിന്ന്‌ നോക്കിയാല്‍ അക്കാദമിയുടെ മൊത്തം ചിത്രം കാണാം. കുടുംബമില്ലാതെ താമസിക്കുന്ന സൈനികര്‍ക്കായും പ്രത്യേകം സംവിധാനങ്ങള്‍ സമീപത്തായി ഉണ്ട്‌. ആവശ്യക്കാരെ കാത്തിരിക്കുകയാണ്‌ പണി കഴിഞ്ഞ വീടുകള്‍.

നാവികസേന ഉപയോഗിച്ചശേഷം 'വിശ്രമിക്കുന്ന' ഓരോ ഡീ കിങ്‌ ഹെലികോപ്‌റ്റര്‍, ഡീ ഹാരിയര്‍ വിമാനം, അലീസെ വിമാനം എന്നിവ അക്കാദമിയുടെ പ്രധാന കേന്ദ്രങ്ങളിലായി വിന്യസിച്ചിട്ടുണ്ട്‌. സൈന്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിനുള്ള പ്രതീകമാണവ.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്‍റെ എ.ടി.എം, ഒരു പെട്രോള്‍ ബങ്ക്‌ എന്നിവ ഇതിനകം പ്രവര്‍ത്തനം തുടങ്ങി. ഗ്യാസ്‌ ഏജന്‍സി ഉള്‍പ്പെടെയുള്ള മറ്റു വ്യാപാര കേന്ദ്രങ്ങളും താമസിയാതെ ആരംഭിക്കും. 2009 ജൂണോടെ എല്ലാ അര്‍ഥത്തിലുമുള്ള ജനവാസ കേന്ദ്രമാവും ഇത്‌. സൈന്യത്തിന്‍റെ നിരീക്ഷണങ്ങള്‍ക്ക്‌ വിധേയമായിട്ടാവും പക്ഷേ, എല്ലാ നീക്കങ്ങളും.

നാവിക അക്കാദമി എവിടെയായിരിക്കണമെന്നത്‌ സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ക്കിടയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ തന്റെ ചോദ്യത്തിന്‌ മറുപടിയായി 'ദാറ്റ്‌ വില്‍ കം ടു കേരള' എന്ന ഉറപ്പ്‌ നല്‌കിയത്‌ അന്ന്‌ സ്ഥലം എം.പി.യായിരുന്ന എം.രാമണ്ണറേ ഇപ്പോഴും ഓര്‍ക്കുന്നു. ആ വാക്കുകള്‍ യാഥാര്‍ഥ്യമായതിന്റെ ആവേശം മറ്റെല്ലാവരോടുമൊപ്പം അദ്ദേഹവും പങ്കുവെക്കുന്നു.

കടപ്പാട്: മാതൃഭുമി ദിനപത്രം
 
 

www.payyanur.com