kvashwin

പയ്യന്നൂർ ∙ എൻട്രൻസ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാൻ കൂട്ടുകാരനോടൊപ്പം ബൈക്കിൽപോയ വിദ്യാർഥി വാഹന അപകടത്തിൽ മരിച്ചു. വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കെ.വി.അശ്വിൻ (17) ആണ് മരിച്ചത്. കരിവെള്ളൂർ എസ്ബിടിക്കു മുന്നിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിൽ നിന്ന് ഡ്രൈവർ സീറ്റിലിരുന്നയാൾ ഡോർ തുറക്കുമ്പോൾ ബൈക്ക് ഡോറിൽ ഇടിച്ച് യാത്രക്കാരായ അശ്വിനും സുഹൃത്ത് ശ്രീലാലും തെറിച്ചു വീഴുകയായിരുന്നു.

അശ്വിൻ തെറിച്ചു വീണത് എതിരെ വന്ന ലോറിയുടെ മുന്നിലേക്കായിരുന്നു. ലോറിയിടിച്ച അശ്വിനെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം ഇന്നു നടക്കും. കോറോം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് കെ.വി.രഘുനാഥിന്റെയും സജിതയുടെയും മകനാണ്. സഹോദരൻ ആഷിക്. പരുക്കേറ്റ ശ്രീലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിന് എടിഎമ്മിനു സമീപം കാർ നിർത്തി വാതിൽ തുറക്കുമ്പോഴായിരുന്നു ബൈക്ക് ഇടിച്ചത്.