kolkkali

അബുദാബി: നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന പയ്യന്നൂർ കോൽക്കളി എന്ന പയ്യന്നൂരിന്റെ പൈതൃക സമ്പത്തായ കലാരൂപവുമായി ഒരു സംഘം കലാകാരന്മാർ കടലും കരയും താണ്ടി അറേബ്യൻ മണ്ണിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളിയോളം പഴക്കമുള്ള ഇൻഡോ-അറബ് സാംസ്കാരിക വിനിമയത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഏഴാമത് ഇന്ത്യ ഫെസ്റ്റിന്റെ ഉദ്‌ഘാടന വേദിയിലാണ് നടക്കുക. ഏതാനും ദിവസം മുമ്പ് ബംഗളുരുവിൽ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തിൽ മികച്ച പ്രവാസി സംഘടനക്കുള്ള പ്രവാസി ഭാരതി പുരസ്‌കാരം നേടിയ ഇന്ത്യ സോഷ്യൽ സെന്ററിന്റെ ക്ഷണ പ്രകാരമാണ് പയ്യന്നൂരിലെ ഗ്രാമം പ്രതിഭ എന്ന സംഘടനയുടെ 25 ഓളം കലാകാരന്മാർ യു.എ.ഇയിലെത്തുന്നത്.

ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിന്റെ തനതു കലാരൂപമായ പയ്യന്നൂർ കൊൽക്കളിയെ വിദേശ രാജ്യത്തു അവതരിപ്പിക്കുകയും ഒട്ടേറെപ്പേർക്ക് പരിശീലനം നൽകുകയും ചെയ്തതിനു കേരളം ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിക്കർഹനായ വി.ടി.വി. ദാമോദരന്റെ പരിശ്രമങ്ങളിലൂടെയാണ് ഈ കലാ സംഘം അബുദാബിയിൽ എത്തുന്നത്. അമ്പതാണ്ടുകളുടെ പ്രവർത്തന മികവുമായി ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഇന്ത്യ സോഷ്യൽ സെന്ററിന്റെ വേദിയിൽ പയ്യന്നൂർ കോൽക്കളി അവതരിപ്പിക്കാനുള്ള ക്ഷണം നേടിയതിൽ ഏറെ അഭിമാനിക്കുന്നതായി പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി.ടി.വി. ദാമോദരൻ പറഞ്ഞു.
ഗ്രാമം പ്രതിഭയുടെ നേതൃത്വത്തിലുള്ള കലാകാരന്മാർ പയ്യന്നൂർ കോൽക്കളി, ചരടുകുത്തി കളി, കളരിപ്പയറ്റ് തുടങ്ങിയ കലാ രൂപങ്ങളുടെ സമന്വയമായിരിക്കും ഇവിടെ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിലെ അരങ്ങേറ്റ പ്രകടനത്തിന് ശേഷം വരും ദിവസങ്ങളിൽ അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്റർ, എമിരേറ്റ്സ് റൈറ്റേർസ് ഫോറം, അറ്റ്ലാന്റിസ് ഹോട്ടൽ റിക്രിയേഷൻ ക്ലബ്, ഉമ്മൻ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ, മീഡിയ സിറ്റി, പയ്യന്നൂർ സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ വേദികളിലും പരിപാടി അരങ്ങേറും. മഹാത്മജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണത്തെ ഉൾപ്പെടുത്തിയുള്ള പ്രത്യേക കോൽക്കളി അബുദാബി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ അരങ്ങേറുമെന്നും ദാമോദരൻ അറിയിച്ചു.