akgbhavan പയ്യന്നൂർ ∙ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന് വേണ്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നീർമിച്ച എകെജി ഭവൻ ജനുവരി 15ന് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20 സെന്റ് ഭൂമിയിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിൽ പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസ് , വിവിധ സംഘടനകളുടെ ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ടി.ഗോവിന്ദന്റെ പേരിലുള്ള 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, മാർക്സിയൻ പഠനകേന്ദ്രം, റഫറൻസ് ലൈബ്രറി എന്നിങ്ങനെ വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സിപിഎം ഓഫിസുകളിൽ ഏറ്റവും മികച്ച് നിൽക്കുന്ന ഓഫിസ് എന്ന ബഹുമതി ഈ കെട്ടിടത്തിനുണ്ടെന്നു സംഘാടകർ പറയുന്നു. സമൂഹത്തിന്റെ നാനാ മേഖലകളിൽപ്പെട്ടവർക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി സമീപിക്കാൻ കഴിയുന്ന പൊതു ഇടം എന്ന നിലയിൽ പാർട്ടി ഓഫിസ് പ്രവർത്തനം സജ്ജമാക്കുമെന്ന് നേതാക്കളായ ടി.ഐ.മധുസൂദനൻ, വി.നാരായണൻ, ജി.ഡി.നായർ, പി.വി.കുഞ്ഞപ്പൻ, കെ.കെ.ഗംഗാധരൻ, കെ.രാഘവൻ എന്നിവർ അറിയിച്ചു. സി.കൃഷ്ണൻ എംഎൽഎ ചെയർമാനും ടി.ഐ.മധുസൂദനൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എൻജിനീയർ കെ.കരുണാകരനും സൂപ്പർവൈസർ സുരേഷുമാണ് കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ഉദ്ഘാടന സമ്മേളനം പഴയ ബസ് സ്റ്റാൻഡിലെ ഷേണായി സ്ക്വയറിൽ നടക്കും. സി.കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. തുടർന്ന് മെഗാ ഗാനമേള അരങ്ങേറും.

akgbhavan2