WATER

പയ്യന്നൂർ :  നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനും സമഗ്ര പരിപാടി ആവിഷ്ക്കരിക്കുന്നതിനുമായി   എം.എൽ.എ   സി. കൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ടുമാർ, നഗരസഭാ ചെയർമാൻ,  വാട്ടർ അതോറിറ്റി, മൈനർ ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ എന്നിവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.  പയ്യന്നൂർ നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ ഈ വർഷം നേരിടാനിരിക്കുന്ന വരൾച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും പ്രശ്നങ്ങൾ ജനപ്രതിനിധികൾ അവതരിപ്പിച്ചു. വകുപ്പുതല ഉദ്യോഗസ്ഥന്മാർ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും വിശദാംശങ്ങളും മീറ്റിങ്ങിൽ അവതരിപ്പിക്കുകയുണ്ടായി. വിവിധ വകുപ്പുകളുടെ സംയോജനത്തിലൂടെ തദ്ദേശഭരണ വകുപ്പുകളുടെ   പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്    സി. കൃഷ്ണൻ എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി. ഓരോ പ്രദേശത്തും കുടിവെള്ള ക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ കണക്കുകളും അതിനു പരിഹാരമായി കുടിവെള്ളം ലഭ്യമാകുന്ന സ്രോതസ്സും ചൂണ്ടിക്കാട്ടി ഒരു റിപ്പോർട്ട് തയ്യാറാക്കാൻ യോഗം പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് ലഘു പദ്ധതികൾ രൂപം നല്കുന്നതിനായി ജനുവരി 27 ന് വീണ്ടും യോഗം ചേരുവാനും തീരുമാനിച്ചു.