mpbhaskaranmash

പയ്യന്നൂർ: റിട്ട. എഇഒ പീരക്കാംതടം കൽപകയിൽ മാടായി പുതിയവീട്ടിൽ ഭാസ്കരൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിനു മാടായി സമുദായ ശ്മശാനത്തിൽ. മാടായി ഹൈസ്കൂൾ പ്രധാനാധ്യാപകൻ, മാടായി വടുകുന്ദ ശിവക്ഷേത്രം പ്രസിഡന്റ്, മാടായി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം പ്രസിഡന്റ്, നായർ സമുദായോദ്ധാരണ സമിതി പ്രസിഡന്റ്, മാടായിപ്പാറ സംരക്ഷണ സമിതി രക്ഷാധികാരി, മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ്, പിലാത്തറ കോ–ഓപ്പ്. ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പൊന്നം വീട്ടിൽ രു​ഗ്​മിണി. മക്കൾ: സുധീർ, മനോജ് (ഓസ്ട്രേലിയ), ഹേമ. മരുമക്കൾ: കെ.ശ്രീവിദ്യ (കസ്റ്റംസ് ആൻഡ് എക്സൈസ്, കണ്ണൂർ), ശ്രീജ (അധ്യാപിക, ഉർസുലിൻ സീനിയർ സെക്കൻഡറി പരിയാരം), തയ്യിൽ അജിത്ത്കുമാർ (ഖത്തർ). സഹോദരി: പരേതയായ എം.പി.സരോജിനിഅമ്മ.

സാമൂഹിക–വിദ്യാഭ്യാസ–പൊതുപ്രവർത്തന രംഗങ്ങളിൽ കഴിഞ്ഞ 50 വർഷക്കാലം നിറസാന്നിധ്യമായിരുന്ന പിലാത്തറ കൽപകയിലെ റിട്ട. എഇഒ എം.പി.ഭാസ്കരൻ നായർക്ക്(79) നാട് അന്ത്യാഞ്ജലി അർപ്പിച്ചു. കേരള സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ താലൂക്ക് പ്രസിഡന്റ് സ്ഥാനത്തിലൂടെ പഠനകാലത്തു രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പഠിച്ചിറങ്ങിയ മാടായി ഗവ. ഹൈസ്കൂളിൽ തന്നെ ദീർഘകാലം പ്രധാന അധ്യാപകനായും തുടർന്നു മാടായി എഇഒ ആയും പ്രവർത്തിച്ചു. മാടായി ഹൈസ്കൂൾ എൻസിസി അണ്ടർ ഓഫിസറായിരുന്നു. മാടായിപ്പാറ സംരക്ഷണ സമിതി രക്ഷാധികാരി, വടുകുന്ദ ശിവക്ഷേത്രം നവീകരണ കമ്മിറ്റി പ്രസിഡന്റ്, മാടായി തിരുവർക്കാട്ട്കാവ് മുൻ പ്രസിഡന്റ്, മാടായി നായർ സമുദായ പുനരുദ്ധാരണ സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൂടെയുള്ള പ്രവർത്തനം അദ്ദേഹത്തെ പൊതുരംഗത്ത് ശ്രദ്ധേയനാക്കി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ടി.വി.രാജേഷ് എംഎൽഎ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എ.ഡി.മുസ്തഫ എന്നിവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. എംപിമാരായ പി.കെ.ശ്രീമതി, എം.കെ.രാഘവൻ, കെ.സി.വേണുഗോപാലൻ, കെ.സുധാകരൻ എന്നിവർ അനുശോചനമറിയിച്ചു. മൃതദേഹം ഇന്നു രാവിലെ 9.30നു മാടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു 10നു മാടായി പൊതുശ്മശാനത്തിൽ സംസ്കരിക്കും.