changala1പയ്യന്നൂർ ∙ കേന്ദ്രസർക്കാർ നോട്ട് അസാധുവാക്കിയതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും സഹകരണ മേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ മനുഷ്യച്ചങ്ങലയിൽ പയ്യന്നൂർ മേഖലയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി. ജില്ലാ അതിർത്തിയായ കാലിക്കടവ് മുതൽ പെരുമ്പ പാലം വരെ 25 കേന്ദ്രങ്ങളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ അതിർത്തിയിൽ സി.കൃഷ്ണൻ എംഎൽഎ ആദ്യ കണ്ണിയായി. കെഎസ്ആർടിസിക്കു മുന്നിൽ സിപിഎം ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെരിങ്ങോം ഏരിയാ സെക്രട്ടറി കെ.വി.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ സി.സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം പി.സന്തോഷ്, നഗരസഭാ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, എൽഡിഎഫ് ഘടകകക്ഷി നേതാക്കന്മാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സിനിമാതാരം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, എം.ടി.അന്നൂർ, മാപ്പിളപ്പാട്ട് കലാകാരൻ അസീസ് തായിനേരി തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകരും ചങ്ങലയിൽ കണ്ണികളായി.