vellarangarap1

പയ്യന്നൂർ∙ തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 30 മുതൽ ജനുവരി രണ്ടു വരെ നടത്തും. കളിയാട്ടത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് ഇന്നു വൈകിട്ട് ഏഴിനു പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ടു നാലു മുതൽ അക്ഷരശ്ലോകാർച്ചന, പഞ്ചാരിമേളം, തിരുവാതിര എന്നിവയുണ്ടാകും. തുടർന്ന് അസീസ് തായിനേരി നയിക്കുന്ന ഹൃദയരാഗം, ഓൾഡ് ഇസ് ഗോൾഡ് ഗാനമേള. നാളെ വൈകിട്ട് മൂന്നിന് അക്ഷരശ്ലോക സദസ്സ്, വൈകിട്ട് മൂന്നരയ്ക്ക് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തു നിന്നു വിശ്വകർമ ക്ഷേത്രം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടുത്തുപിടിച്ചുവരവ് എന്നിവയുണ്ടാകും.

വൈകിട്ട് അഞ്ചിനു കവിയരങ്ങ്. ഏഴിന് നൃത്തസന്ധ്യ. 30ന് ഒന്നാം കളിയാട്ടദിനത്തിൽ രാവിലെ ഏഴിനു മാടായി തിരുവർക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്തു നടക്കും. രാവിലെ 10ന് അക്ഷരശ്ലോക സദസ്സുമുണ്ടാകും. വൈകിട്ട് അഞ്ചിനു സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. തെയ്യക്കോലങ്ങളിൽ വൈകിട്ട് നാലിനു വെള്ളാരങ്ങര ഭഗവതിയുടെയും ഉപദേവതകളുടെയും തിടങ്ങൽ, വെള്ളാരങ്ങര ഭഗവതിയുടെ ഉച്ചത്തോറ്റം.

സാംസ്കാരിക സമ്മേളനം വൈകിട്ട് ആറിനു മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥയുണ്ടാകും. വൈകിട്ട് അഞ്ചു മുതൽ തെയ്യക്കോലങ്ങൾ. രാത്രി എട്ടിനു നൃത്ത സമന്വയം ഉണ്ടാകും. 11നു വിഷ്‌ണുമൂർത്തി, ഗുളികൻ ദൈവം എന്നീ തെയ്യങ്ങൾ, കന്നിക്കൊരുമകൻ ദൈവം/ ബാലിദൈവം തിടങ്ങൽ, വെള്ളാരങ്ങര ഭഗവതിയുടെ ഉച്ചത്തോറ്റം, എഴുന്നള്ളത്ത്, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്‌ണുമൂർത്തി, ആറരയ്ക്കു സന്ധ്യാവേല, ഏഴിന് കന്നിക്കൊരുമകൻ ദൈവം–വെള്ളാട്ടം, എട്ടരക്ക് ബാലിദൈവം വെള്ളാട്ടം, 11ന് വെള്ളാരങ്ങര ഭഗവതിയുടെ അന്തിത്തോറ്റം. ജനുവരി ഒന്നിന് അക്ഷരശ്ലോക സദസ്സ് എന്നിവയുണ്ടാകും.

വൈകിട്ട് അഞ്ചിനു സാംസ്കാരിക സമ്മേളനം ഒ.രാജഗോപാൽ എംഎൽഎ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പയ്യന്നൂർ എസ്എസ് ഓർക്കസ്‌ട്രയുടെ ഗാനമേളയും ഉണ്ടാകും. തെയ്യക്കോലങ്ങളിൽ രാവിലെ നാലിനു കന്നിക്കൊരുമകൻ ദൈവം, അഞ്ചരയ്ക്ക് അങ്കക്കുളങ്ങര ഭഗവതി, കുറത്തിഅമ്മ, രക്തചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, ബാലിദൈവം, വിഷ്‌ണുമൂർത്തി, ഗുളികൻദൈവം എന്നീ തെയ്യങ്ങളും ഒരു മണിക്ക് കൂത്ത്, മൂന്നിന് വെള്ളാരങ്ങര ഭഗവതിയുടെ ഉച്ചത്തോറ്റം എഴുന്നള്ളത്ത്, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്‌ണുമൂർത്തി, സന്ധ്യാവേല, കന്നിക്കൊരുമകൻ ദൈവം വെള്ളാട്ടം, ബാലി ദൈവം വെള്ളാട്ടം, പുതിയഭഗവതി തോറ്റം, അന്തിത്തോറ്റം എഴുന്നള്ളത്ത് എന്നിവയുണ്ടാകും.

ജനുവരി രണ്ടിനു നാലാം കളിയാട്ട ദിവസം ഉച്ചയ്ക്കു 12ന് വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടി ഉയരും. തെയ്യക്കോലങ്ങളിൽ ഭഗവതിയുടെ കൊടിയിലത്തോറ്റം, നാലിനു കന്നിക്കൊരുമകൻ ദൈവം, അഞ്ചിന് പുതിയ ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, കുറത്തിഅമ്മ, രക്തചാമുണ്ഡി, ബാലിദൈവം, തുടർന്നു ക്ഷേത്രം കോയ്‌മയുടെ അത്തായി തറവാട്ടിലേക്കും പയ്യന്നൂർ പെരുമാളുടെ സന്നിധിയിലേക്കും ബാലിദൈവം എഴുന്നള്ളത്ത്. 10ന് കുണ്ടോർ ചാമുണ്ഡി, ഗുളികൻ ദൈവം, വിഷ്‌ണുമൂർത്തി എന്നിവയുണ്ടാകും. എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാനം ഉണ്ടായിരിക്കും. കെ.കെ.ശ്രീധരൻ, വി.പി.സുധാകരൻ, പി.കമലാക്ഷൻ, രാജഗോപാലൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.