perumbapuzha1പയ്യന്നൂർ∙: പെരുമ്പ പുഴ മാലിന്യ മുക്തമാക്കുന്നതിനും പുഴ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായി വിപുലമായ പദ്ധതി വരുന്നു. ഇതിന്റെ തുടക്കം കുറിച്ച് കലക്ടറും ജനപ്രതിനിധികളും പുഴയാത്ര നടത്തി. പെരുമ്പപാലം മുതൽ പാലക്കോട് പുഴവരെയാണ് ഇവർ സഞ്ചരിച്ചത്. ടി.വി.രാജേഷ് എംഎൽഎ, സി.കൃഷ്ണൻ എംഎൽഎ, കലക്ടർ മിർ മുഹമ്മദ്, പയ്യന്നൂർ നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്.കെ.ആബിദ (മാടായി), എം.കുഞ്ഞിരാമൻ (കുഞ്ഞിമംഗംലം), എൻ.വി.ഗോവിന്ദൻ (രാമന്തളി) എന്നിവരാണ് യാത്ര നടത്തിയത്.

പുഴയിൽ അടിഞ്ഞുകൂടി കിടക്കുന്ന അറവ് മാലിന്യങ്ങളും കണ്ടൽ കാടുകൾക്കിടയിൽ ചാക്കുകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് പദ്ധതിയൊരുക്കുന്നതിന്റെ ഭാഗമായാണ് പുഴയാത്ര. പാലക്കോട്ട് യാത്ര സമാപിച്ചു. തുടർന്ന് മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ യോഗം നടന്നു.

പെരുമ്പപുഴ മുതൽ പാലക്കോട് വരെയുള്ള പുഴയിലെയും പുഴക്കരയിലെയും മാലിന്യങ്ങൾ ഈ മാസം 23നു ജനകീയ കൂട്ടായ്മയിൽ നീക്കാൻ തുടങ്ങും. പെരുമ്പപുഴ, ചെമ്പല്ലിക്കുണ്ട്, പാലക്കോട് എന്നിവിടങ്ങളിലും പഴയങ്ങാടി സുൽത്താൻ കനാലിലുമുള്ള മാലിന്യങ്ങളാണ് നീക്കി ത്തുടങ്ങുക. ഇതിനു മുന്നോടിയായി പഞ്ചായത്ത് തലത്തിൽ സംഘാടക സമിതി രൂപീകരിക്കും. പൊലീസ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ, യുവജന സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എൻഎസ്എസ് , എൻസിസി വിദ്യാർഥികൾ, വ്യാപാരി സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന വീടുകളിൽ 16നു മുൻപ് പുഴസംരക്ഷണത്തിന്റെ സന്ദേശമുയർത്തിയുള്ള നോട്ടിസുകൾ നൽകും.

21നു മുൻപു പയ്യന്നൂർ മുനിസിപ്പാലിറ്റി, മാടായി, കുഞ്ഞിമംഗലം, രാമന്തളി പഞ്ചായത്തുകളിൽ പുഴസംരക്ഷണ ജാഥ നടക്കും. മാലിന്യങ്ങൾ തള്ളുന്നതു തടയാൻ പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കും. ആഴ്ചയിലൊരിക്കൽ രാത്രികാലങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തും. സുൽത്താൻ കനാൽ സംരക്ഷണ സമിതി രൂപീകരിക്കും. പ്രധാനകേന്ദ്രങ്ങളിൽ ബോർ‍ഡുകൾ സ്ഥാപിക്കും. 17നു മുൻപ് അറവുശാല നടത്തിപ്പുകാരുടെ യോഗം വിളിക്കാനും മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നിർദേശം നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി 18നു ബന്ധപ്പെട്ടവരുടെ യോഗം കലക്ടറുടെ ചേംബറിൽ നടക്കും. വിവിധ വകുപ്പ് തലവൻമാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

perumbapuzha