pnr15a - Copy

പയ്യന്നൂര്‍-  പയ്യന്റെ ഊര്- അഥവാ സുബ്രഹ്മണ്യന്റെ നാട്. ഏഴിമലയുടെ താഴ്വാരത്തില്‍  വണ്ണാത്തി  പുഴയും അറബിക്കടലും  സഹ്യാദ്രി മലനിരകളും അതിരിടുന്ന  ചരിത്ര ഭൂമി . പുരാതന കേരളത്തിലെ 64 മണിഗ്രാമങ്ങളിൽ ഒന്ന്  . പവിത്ര മോതിരത്തിന്റെ വിശുദ്ധിയും ലക്ഷ്മി വിളക്കിന്റെ ഐശ്വര്യവും ഖാദിയുടെ  നൈർമല്യവും  തെയ്യത്തിന്റെയും പൂരക്കളിയുടെയും ചടുല താളങ്ങളും   വിഗ്രഹ നിര്‍മ്മാണത്തിന്റെ ദൈവികതയും  സമ്പന്നമാക്കുന്ന സാംസ്കാരിക പൈതൃകത്തിന്റെ നാട്.

പറങ്കി പടയോട്  ഏറ്റു മുട്ടി വീര മൃത്യു വരിച്ച  17  ശുഹദാക്കളുടെ വീരഗാഥകള്‍ നെഞ്ചേറ്റിയ മണ്ണ്.    ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യ സമരത്തിലും സജീവമായി സ്വാതന്ത്ര്യ സമരത്തിന്റെ  ആവേശ തുടിപ്പുകള്‍ ഏറ്റു  വാങ്ങിയ    ,  രാഷ്ട്ര പിതാവിന്റെ പാദ സ്പര്‍ശത്താല്‍  ധന്യമായ ദേശീയ പ്രസ്ഥാനത്തിലെ   രണ്ടാം ബര്‍ദോളി എന്ന് പുകള്‍ പെറ്റ നഗരം.  കരിവെള്ളൂരിലും  കോറോം  ഗ്രാമത്തിലും അരങ്ങേറിയ കര്‍ഷക സമരങ്ങളുടെ പോരാട്ട വീര്യം രാഷ്ട്രീയ പശ്ചാത്തലമൊരുക്കിയ വടക്കന്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക. സാമൂഹ്യ വിപ്ലവകാരി സ്വാമി ആനന്ദ  തീര്‍ഥന്റെ കര്‍മ്മ കാണ്ഡം ചരിത്രമെഴുതിയ ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം .

 പയ്യന്നൂരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോകശ്രദ്ധയിൽ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ 2000 ൽ  ആരംഭിച്ചതാണ് പയ്യന്നൂർ ഡോട്ട് കോം വെബ്സൈറ്റ്. 2000 ജൂണ്‍ 21 ന് അന്നത്തെ എം പിയും ഞങ്ങളുടെ ഏറ്റവും വലിയ അഭ്യുദയകാാംക്ഷിയുമായ ശ്രീ. ടി. ഗോവിന്ദൻ ആയിരുന്നു വെബ്സൈറ്റ് ഉദ്ഘാടനം  ചെയ്തത്.  പി. ബാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടി പയ്യന്നൂരിന്റെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതി ചേർക്കുകയായിരുന്നു. പിന്നീടിങ്ങോട്ട്‌ ലോകം മുഴുവനുമുള്ള പ്രവാസി പയ്യന്നൂർക്കാരിൽ ഗൃഹാതുര സ്മരണകളുണർത്തി ആരംഭിച്ച പ്രാദേശിക വാര്ത്താ പ്രസിദ്ധീകരണം അവരെ നാടുമായി അടുപ്പിക്കുന്നതിൽ ഏറെ സഹായിച്ചു.

2001 ൽ ദുബായ് കേന്ദ്രമാക്കി പ്രവാസി പയ്യന്നൂർക്കാരുടെ  കൂട്ടായ്മയായ പയ്യന്നൂർ സൌഹൃദ വേദിക്ക് രൂപം നല്കിയതാണ് ഞങ്ങളുടെ ഈ 15 വർഷക്കാലത്തെ ഏറ്റവും വലിയ നേട്ടം. വിവിധ രാജ്യങ്ങളിലായി നിരവധി ഘടകങ്ങൾ ഇന്ന് ഈ പ്രസ്ഥാനത്തിനുണ്ട്.  ചികിത്സാ സഹായമായും മറ്റു വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ വഴിയും ഞങ്ങളുടെ സാമോഹ്യ പ്രതിബദ്ധതയും വെബ്സൈറ്റ് പ്രവർത്തനത്തിന്റെ മുഖ്യ അജണ്ടയായി നടപ്പിലാക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.  ആറാം വാർഷികത്തിന്റെ ഭാഗമായി  പയ്യന്നൂർ ഗവ: ആശുപത്രിയിലെ X Ray  പ്ലാന്റ് ഒരു ലക്ഷം രൂപയിലധികം ചിലവിൽ നവീകരിച്ചത്‌ എടുത്തു പറയാൻ ആഗ്രഹിക്കുന്നു.

ഞങ്ങൾക്ക് എന്നും ഉപദേശങ്ങളും പ്രോത്സാഹനങ്ങളും നല്കി വഴികാട്ടിയ പി. ബാലൻ മാസ്റ്ററെ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു.  വെബ്സൈറ്റ്ന്റെ വഴികാട്ടിയായി തുടക്കം മുതൽ ഞങ്ങൾക്കൊപ്പം നിൽക്കുന്ന പി അപ്പുക്കുട്ടൻ മാസ്റ്റരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.  ഈ പതിനഞ്ചു വർഷങ്ങൾ അഭിമാനകരമായ പ്രവർത്തനങ്ങളിലൂടെ പയ്യന്നൂരിന്റെ കണ്ണാടിയായി മാറാൻ ഞങ്ങളെ പ്രാപ്തരാക്കിയ പ്രബുദ്ധരായ പയ്യന്നൂർ പൌരാവലിയോടും രാഷ്ട്രീയ- സാമൂഹ്യ -സാംസ്കാരിക പ്രവർത്തകരോടും പയ്യന്നൂർ പ്രസ്‌ ഫോറം ഉൾപ്പെടയുള്ള മാധ്യമ സുഹൃത്തുക്കളോടും  കടപ്പാട് അറിയിക്കുന്നു. വെബ്സൈറ്റ് ആരംഭം മുതൽ മുന്നോട്ടു നടക്കാൻ ഞങ്ങളെ സഹായിച്ച UAE  എക്സ്ചേഞ്ച് സെന്റർ സാരഥി വൈ. സുധീർ കുമാർ  ഷെട്ടിയോടുള്ള  കടപ്പാട് വാകുകളിൽ ഒതുക്കാൻ കഴിയില്ല.

കൂടുതൽ പേരുകൾ  പ്രത്യേകമായി  പരാമർശിക്കാതെ,  ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഉള്ളിൽ തട്ടി  തന്നെ  നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു. തുടർന്നും ഇതേ പ്രോത്സാഹനവും പിന്തുണയും നല്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

ടീം പയ്യന്നൂർ ഡോട്ട് കോം